Image

ദീപാവലി സമ്മാനം; കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നു ശതമാനം ഡിഎ വർധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Published on 28 October, 2026
ദീപാവലി സമ്മാനം; കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നു ശതമാനം ഡിഎ വർധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള ഡിയർനെസ് അലവൻസ് (ഡിഎ), ഡിയർനെസ് റിലീഫ് എന്നിവയിൽ മൂന്ന് ശതമാനം വർധനവ് കേന്ദ്ര സർക്കാർ അംഗീകരിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. 2026 ജൂലൈ ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ഈ വർധന നടപ്പാകുന്നത്.

 കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎയും പെൻഷൻകാർക്കുള്ള ഡിആറും അടിസ്ഥാന ശമ്പളത്തിൻ്റെയോ പെൻഷൻ്റെയോ 60 ശതമാനത്തിൽ നിന്ന് 63 ശതമാനമായിയായിരിക്കും വർധിപ്പിക്കുക. ദീപാവലി സമ്മാനമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻ കൈപ്പറ്റുന്നവർക്കും ഇതിലൂടെ പ്രയോജനം ലഭിക്കും. എന്നാൽ ഡിഎ, ഡിആർ എന്നിവയിലെ വർധനവ് സർക്കാർ ഖജനാവിന് വാർഷികമായി 10,016 കോടി രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

ഏകദേശം 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഇത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സേവനത്തിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന അലവൻസുകൾ ക്രമീകരിച്ചുകൊണ്ട് വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം നൽകുക എന്നതാണ് ഈ പരിഷ്‌കരണത്തിൻ്റെ ലക്ഷ്യം. നിത്യോപയോഗ സാധനങ്ങളുടെ വില കൂടുമ്പോൾ , സാധാരണക്കാരായ ശമ്പളക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക ഭദ്രത തകരാതിരിക്കാനാണ് സർക്കാർ ഈ അലവൻസ് കൂട്ടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക