
ആലപ്പുഴ: രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കത്തിൻ്റെ ഒടുവിലത്തെ കണ്ണിയാണ് എസ്.ഐ.ആർ എന്ന പേരിലുള്ള തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 80-ാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തെരഞ്ഞെടുപ്പ് കമ്മീഷൻ സാധാരണഗതിയിൽ ജനാധിപത്യപരമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ്, മൂന്നംഗ കമ്മിഷനാണ്. എന്നാൽ ഇന്ന് എല്ലാ അധികാരവും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അദ്ദേഹം ആർഎസ്എസിൻ്റേയും ബിജെപിയുടെയും മനസാക്ഷി സൂക്ഷിപ്പുകാരനാണ്. അവരുടെ നിർദേശങ്ങൾ നടപ്പിലാക്കുകയാണ് കമ്മിഷൻ.
എസ്ഐആർ നടപ്പായ സംസ്ഥാനങ്ങളിൽ മാത്രം 13 കോടിയിൽപരം ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കിയിരിക്കുന്നു. വോട്ടവകാശം ഉറപ്പുവരുത്തേണ്ട കമ്മിഷനാണോ വോട്ടവകാശം ഇല്ലാതാക്കേണ്ടത്? ഇതിനെതിരെ രാജ്യമെമ്പാടും ജന്തർ മന്തറുകൾ ഉയരുകയാണ്. ആയിരക്കണക്കിന് ജന്തർ മന്തറുകളായി പ്രതിഷേധം പടരുന്നു. ഗ്യാനേഷ് കുമാറിനെ രക്ഷിക്കാമെന്നാണ് നരേന്ദ്ര മോദിയും അമിത് ഷായും കരുതുന്നത്. ഗ്യാനേഷ് കുമാർ രാജിവെച്ചേ തീരൂ. രാജി വരെ പ്രക്ഷോഭം തുടരും' പ്രതിപക്ഷ നേതാവ് പറഞ്ഞു.