Image

എംബാപ്പെയുടെ 'മാവോ ഏകാധിപതി' പരാമർശം; ചൈനീസ് ജനതയോട് മാപ്പ് പറഞ്ഞ് റയൽ മാഡ്രിഡ്

Published on 28 October, 2026
എംബാപ്പെയുടെ 'മാവോ ഏകാധിപതി' പരാമർശം; ചൈനീസ് ജനതയോട് മാപ്പ് പറഞ്ഞ് റയൽ മാഡ്രിഡ്

മാഡ്രിഡ്: ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാനും സ്ഥാപക നേതാവുമായ മാവോ സെതൂങ്ങിനെ 'ഏകാധിപതി' എന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരാമർശത്തിൽ ചൈനീസ് ജനതയോട് പരസ്യമായി മാപ്പ് പറഞ്ഞ് റയൽ മാഡ്രിഡ്. എംബാപ്പെയുടെ വാക്കുകൾ ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തെയും വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയ ക്ലബ്ബ്, താരത്തിന്‍റെ മാപ്പപേക്ഷയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയത്.

ചൈനയോടും അവിടുത്തെ ചരിത്രത്തോടും സംസ്‌കാരത്തോടും തങ്ങൾക്ക് ആഴത്തിലുള്ള ബഹുമാനമുണ്ടെന്നും റയൽ മാഡ്രിഡിനെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ചൈനീസ് ആരാധകരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ ക്ലബ്ബ് വ്യക്തമാക്കി.

'ദി ബ്രിഡ്‌ജ്' എന്ന ഫ്രഞ്ച് ടോക്ക് ഷോയ്ക്കിടെയാണ് വിവാദത്തിനടിസ്ഥാനമായ സംഭവം ഉണ്ടായത്. മാവോ സെതൂങ്ങിന്‍റെ ശരീരത്തിൽ എംബാപ്പെയുടെ മുഖം ചേർത്തുവെച്ചുള്ള ഒരു മീമിനെക്കുറിച്ച് സംസാരിക്കവെയാണ് താരം ഈ പരാമർശം നടത്തിയത്. തനിക്ക് ഏറ്റവും കൂടുതൽ ചിരി വരുന്നത് ഈ വീഡിയോ കാണുമ്പോഴാണെന്നും, അത് ഒരു ചൈനീസ് ഏകാധിപതിയുടെ വീഡിയോ ആണെന്ന് കരുതുന്നുവെന്നുമാണ് താരം പറഞ്ഞത്. ഇതിന് പിന്നാലെ ചൈനീസ് ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയായിരുന്നു.

പരാമർശം വിവാദമായതോടെ എംബാപ്പെയുമായി ഒപ്പിട്ടിരുന്ന മൂന്ന് പ്രമുഖ ചൈനീസ് കമ്പനികൾ താരവുമായുള്ള വാണിജ്യ കരാറുകൾ ഉടനടി റദ്ദാക്കി. കൂടാതെ ചൈനീസ് സർക്കാർ മാധ്യമമായ സിസിടിവിയുടെ (CCTV) ന്യൂസ് ആപ്പുകളിൽ നിന്ന് എംബാപ്പെയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യാനും ലാ ലിഗ മത്സരങ്ങളുടെ സംപ്രേഷണം ചൈനയിൽ നിർത്തിവെക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക