
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. എറണാകുളം അഡീഷണൽ സെഷൻസ് കോടതി 2 ആണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതിയും കാർ ഓടിച്ചിരുന്നതുമായ സുഹൈൽ സജീവ്, മുൻസീറ്റിലുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി നിരസിച്ചത്. നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഒക്ടോബർ 11ന് പുലർച്ചെയുണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്.
അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസിൽ കാർ ഓടിച്ചിരുന്ന 19-കാരനായ സുഹൈൽ സജീവിനെതിരെ നരഹത്യാക്കുറ്റവും മറ്റ് മൂന്ന് പ്രതികൾക്കെതിരെ പ്രേരണക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.