
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ എഥനോൾ മിശ്രിത ഇന്ധന നയത്തിനെതിരായ പ്രതിഷേധങ്ങളെയും വിമർശനങ്ങളെയും തള്ളി കേന്ദ്രമന്ത്രിമാർ രംഗത്ത്. 20 ശതമാനം എഥനോൾ ചേർത്ത 'ഇ 20' പെട്രോളിനെതിരെ ഉയർന്ന ആരോപണങ്ങൾ പണം നൽകി സംഘടിപ്പിച്ച വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വിമർശിച്ചു. അടിസ്ഥാനരഹിതമായ ഇത്തരം സമരങ്ങൾ ഇപ്പോൾ നിലച്ചുകഴിഞ്ഞെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഭദ്രമാക്കാനും വിദേശനാണ്യ ചോർച്ച തടയാനും അസംസ്കൃത എണ്ണ ഇറക്കുമതി വെട്ടിച്ചുരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സാധാരണ വാഹനങ്ങൾക്കായുള്ള പെട്രോളിലെ എഥനോൾ മിശ്രണം 20 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. നിലവിലെ ഇ 20 ഇന്ധന പരിധി ഉയർത്തുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണ്. എന്നാൽ, ഉയർന്ന തോതിൽ എഥനോൾ ഉപയോഗിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കായുള്ള നയം ഇതിൽനിന്ന് വേറിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന എഥനോൾ അനുപാതമുള്ള ഇ 85, ഇ 100 ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ നേരത്തെ ഭേദഗതി വരുത്തിയിരുന്നു. എന്നാൽ, ഈ സാങ്കേതികവിദ്യ സാധാരണ പെട്രോൾ എൻജിനുകൾക്കോ നിലവിലെ ഇ 20 വാഹനങ്ങൾക്കോ ബാധകമല്ലെന്നും അത്തരം വാഹനങ്ങളിൽ ഇ 100 പോലുള്ള ഉയർന്ന മിശ്രിത ഇന്ധനങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ലെന്നും കേന്ദ്രം ഓർമിപ്പിച്ചു.