Image

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; പി . ജയരാജനും ടി.വി. രാജേഷും പ്രതികളായ കേസിൽ വിധി നവംബർ 12-ന്

Published on 28 October, 2026
അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; പി . ജയരാജനും ടി.വി. രാജേഷും പ്രതികളായ കേസിൽ വിധി നവംബർ 12-ന്

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച തളിപ്പറമ്പ് അരിയിൽ ഷുക്കൂർ വധക്കേസിൽ നവംബർ 12-ന് വിധി പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് നിർണായക വിധി പറയുന്നത്. കേസിലെ സാക്ഷിവിസ്താരവും അന്തിമ വാദവുമടക്കമുള്ള വിചാരണ നടപടികൾ പൂർത്തിയായതിനെത്തുടർന്നാണ് കോടതി വിധി പറയാൻ മാറ്റിവെച്ചത്. സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് ഉൾപ്പെടെയുള്ളവർ വിചാരണ നേരിട്ട കേസാണിത്.

​2012 ഫെബ്രുവരി 20-നാണ് എം.എസ്.എഫ് പ്രവർത്തകനായ അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. സംഭവദിവസം തളിപ്പറമ്പ് പട്ടുവത്ത് വെച്ച് അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്ല്യാശ്ശേരി എംഎൽഎയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി കണ്ണൂർ തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ രണ്ടര മണിക്കൂറോളം തടഞ്ഞുവെച്ച് 'വിചാരണ' നടത്തിയ ശേഷമാണ് ഷുക്കൂറിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് സിബിഐ കണ്ടെത്തൽ.

​തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിന് വഴിവെച്ചതെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിൽ ആകെ പ്രതിചേർക്കപ്പെട്ട 33 പേരിൽ പി. ജയരാജൻ 32-ാം പ്രതിയും, ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. ഗൂഢാലോചനക്കുറ്റമാണ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നീണ്ട വിചാരണ കാലയളവിനിടയിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടുപേർ മരണപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക