Image

കാറും ബൈക്കും ഓടിച്ച് 16-കാരന്‍, എല്ലാം റീല്‍സായി ഇട്ടു; തൂക്കി പോലീസ്, രക്ഷകര്‍ത്താവിനെതിരെ കേസ്

Published on 28 October, 2026
 കാറും ബൈക്കും ഓടിച്ച് 16-കാരന്‍, എല്ലാം റീല്‍സായി ഇട്ടു; തൂക്കി പോലീസ്, രക്ഷകര്‍ത്താവിനെതിരെ കേസ്

അടൂര്‍: പത്തനംതിട്ടയില്‍ 16 വയസുകാരന്‍ കാറോടിച്ച്കൂട്ടുകാരുമൊത്ത് കറക്കം. ഒപ്പം റീല്‍സെടുക്കലും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കലും. ഒടുവില്‍ പോലീസ് പൊക്കിയതോടെ ലൈസന്‍സില്ലാതെ ബൈക്കും, കാറും ഓടിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവിനെതിരെ പോലീസ് കേസ്. ഏഴംകുളം നെടുമണ്‍ പാലമൂട്ടില്‍ റജീന നൗഷാദി(52)നെതിരെയാണ് പോലീസ് കേസെടുത്തത്.

ഇവരുടെ പേരിലുള്ള കാറും, കൊല്ലം പാതിരിക്കല്‍ രതീഷ് ഭവനില്‍ രവീന്ദ്രന്‍ (65) എന്നയാളുടെ പേരിലുള്ള ബൈക്കും അടൂര്‍ ട്രാഫിക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഈ ബൈക്ക് രവീന്ദ്രന്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് വിറ്റതാണെന്ന് പോലീസിനോട് പറഞ്ഞു.

റജീനയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ കുറച്ചു നാളുകളായി കാറില്‍ അടൂര്‍, കൊടുമണ്‍ പ്രദേശങ്ങളില്‍ കറങ്ങുന്നതായി ട്രാഫിക് എസ്.ഐ. ജി. സുരേഷ് കുമാറിന് വിവരം ലഭിച്ചിരുന്നു. അടൂര്‍ നഗരത്തില്‍ തിരക്കുള്ള പല സമയങ്ങളിലും കുട്ടി കാറുമായി എത്താറുണ്ടായിരുന്നു. ഇതു കൂടാതെ കാര്‍ ഓടിക്കുന്ന രംഗങ്ങള്‍ വീഡിയോയായി പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ റീല്‍സ് ഇടുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് രണ്ടു ദിവസങ്ങളായി അടൂരിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഒന്നിന് പറക്കോട് 
ഏഴംകുളം ഭാഗത്തുവെച്ച് പോലീസ് തിരയുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കാര്‍ തടഞ്ഞു നിര്‍ത്തി. എന്നാല്‍ ഈ സമയം സ്ഥിരമായി കാര്‍ ഓടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയല്ലായിരുന്നു കാര്‍ ഓടിച്ചത്.

അതേസമയം, കുട്ടിയുടെ കുറച്ച് സുഹൃത്തുക്കള്‍ കാറിലുണ്ടായിരുന്നു. നെടുമണ്‍ സ്വദേശി ബേസില്‍ എന്ന 18-കാരനാണ് ഈ സമയം കാറോടിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് കാര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. കാറിന് തൊട്ടുപിന്നാലെ തന്നെ പോലീസ് തിരഞ്ഞിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബൈക്കില്‍ സ്ഥലത്തെത്തി. ഇതോടെ കാര്‍ ഓടിച്ചയാളേയും പ്രായപൂര്‍ത്തിയാകാത്ത ആളേയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടി കുറച്ചു നാളുകളായി പല വാഹനങ്ങള്‍ ഓടിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ എല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 16-കാരനെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക