Image

മന്ത്രിയുടെ ഉറപ്പ്; കോഴിക്കോട്ടെ പിരിച്ചുവിട്ട 5 വനിതാ ടൈപ്പിസ്റ്റുമാര്‍ക്ക് ജോലി തിരികെ ലഭിക്കും

Published on 28 October, 2026
 മന്ത്രിയുടെ ഉറപ്പ്; കോഴിക്കോട്ടെ പിരിച്ചുവിട്ട 5 വനിതാ ടൈപ്പിസ്റ്റുമാര്‍ക്ക് ജോലി തിരികെ ലഭിക്കും

കോഴിക്കോട്: ഒരു തെറ്റുംചെയ്യാതെ സര്‍വീസില്‍നിന്ന് പിരിച്ചുവിടപ്പെട്ട അഞ്ച് വനിതാ ടൈപ്പിസ്റ്റുമാര്‍ക്ക് ജോലി തിരികെക്കിട്ടും. മന്ത്രിസഭായോഗം ഇവരുടെ പ്രശ്നം പരിഗണിച്ച്, അനുകൂലതീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കി. ഇതോടെ വനിതാ ടൈപ്പിസ്റ്റുമാര്‍ മൂന്നുദിവസമായി കളക്ടറേറ്റിനുമുന്നില്‍ തുടരുന്ന സമരം അവസാനിപ്പിച്ചു.


കോഴിക്കോട് കളക്ടറേറ്റിലെ ക്ലാര്‍ക്ക് ടൈപ്പിസ്റ്റുമാരായ എം.കെ. ഷിങ്കി, കെ. സ്മിത, കുന്ദമംഗലം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസിലെ വി. ആരിഫ, കൊയിലാണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ഓഫീസിലെ പി.ആര്‍. അഖിന, വടകര അഡീഷണല്‍ ഗവ. പ്ലീഡര്‍ ഓഫീസിലെ എസ്. അമൃത എന്നിവരാണ് പി.എസ്.സി. വഴി ജോലിയില്‍ കയറി രണ്ടരവര്‍ഷത്തിനുശേഷം പിരിച്ചുവിടപ്പെട്ടത്.

പിരിച്ചുവിട്ടതിനെതിരേ കളക്ടറേറ്റിനുമുന്നില്‍ ഇരിക്കുകയായിരുന്നു അഞ്ചുപേരും. ചൊവ്വാഴ്ചയാണ് മന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ച് ഉറപ്പുനല്‍കിയത്.

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗം ഇവരുടെ വിഷയം പരിഗണിക്കും. നിലവില്‍ ഒഴിവില്ലാത്തതുകൊണ്ടും ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനാലും പുതിയ തസ്തിക സൃഷ്ടിച്ചാവും പുനര്‍നിയമനം നല്‍കുക. ഇതിന് ധനകാര്യവകുപ്പിന്റെ കൂടി അനുമതി വേണം. അതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നാണ് റവന്യൂമന്ത്രിയുടെ ഓഫീസ് നല്‍കിയ ഉറപ്പ്.

രണ്ടരവര്‍ഷത്തെ സര്‍വീസ് നഷ്ടപ്പെടാത്തരീതിയില്‍ പുനര്‍നിയമനം നടത്തണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചതായി സമരക്കാര്‍ പറഞ്ഞു.

എ.ഡി.എമ്മുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് സമരം പിന്‍വലിച്ചത്. ഇവരുടെ കാരണംകൊണ്ടല്ലാതെ ജോലി നഷ്ടപ്പെട്ടതുകൊണ്ട് പുതിയ തസ്തിക സൃഷ്ടിച്ച് അഞ്ചുപേരുടെയും പുനര്‍നിയമനം നടത്തണമെന്ന് തിങ്കളാഴ്ച കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് അര്‍ധ ഔദ്യോഗിക കത്തും ല്‍കിയിരുന്നു. എല്ലാ സാഹചര്യങ്ങളും വിശദീകരിച്ചുകൊണ്ടുള്ള കത്താണ് കൈമാറിയത്.

ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ ഉണ്ടായിരുന്ന മറ്റു അഞ്ചുപേര്‍ക്ക് കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സര്‍വീസില്‍ കയറി ആറുമാസംകൊണ്ട് ക്‌ളാര്‍ക്കായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ആ ഒഴിവിലാണ് ഈ അഞ്ചുപേരും പി.എസ്.സി. വഴി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ജോലിയില്‍ കയറിയത്.

എന്നാല്‍, നിയമവിരുദ്ധമായ സ്ഥാനക്കയറ്റം ട്രിബ്യൂണല്‍ റദ്ദാക്കിയതോടെ ഇവരെ ടൈപ്പിസ്റ്റായി തരംതാഴ്ത്തി. ഇതോടെ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ ഒഴിവില്ലാതായതോടെയാണ് ഷിങ്കി ഉള്‍പ്പെടെ അഞ്ചുപേരെ 20-ന് ചൊവ്വാഴ്ച പിരിച്ചുവിട്ടത്. മറ്റ് ഉദ്യോഗസ്ഥര്‍ ചെയ്ത വീഴ്ചയുടെ ബലിയാടായി മാറേണ്ടിവന്നതോടെ പ്രതിഷേധവുമായി ഇവര്‍ രംഗത്തിറങ്ങുകയായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക