Image

പതിനേഴുകാരന്‍ വാഹനമോടിച്ച് ഉണ്ടാക്കിയ അപകടം: നഷ്ടപരിഹാരം നല്‍കിയില്ല, 90 ദിവസം തടവ് വിധിച്ച് ജഡ്ജി

Published on 28 October, 2026
 പതിനേഴുകാരന്‍ വാഹനമോടിച്ച് ഉണ്ടാക്കിയ അപകടം: നഷ്ടപരിഹാരം നല്‍കിയില്ല, 90 ദിവസം തടവ് വിധിച്ച് ജഡ്ജി

കോട്ടയം: പ്രായപൂര്‍ത്തിയാകുംമുമ്പ് ഇന്‍ഷുറന്‍സ് ഇല്ലാത്ത സ്‌കൂട്ടറോടിച്ച് വഴിയാത്രികരെ ഇടിച്ചിട്ട കേസില്‍ കോടതിവിധിച്ച നഷ്ടപരിഹാരം കൊടുക്കാത്ത യുവാവിന് 90 ദിവസം തടവുശിക്ഷ. കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി പ്രസൂണ്‍ മോഹനാണ് വിധി പ്രസ്താവിച്ചത്. 
2019 നവംബര്‍ 11-ന് വൈകീട്ട് 5.15-ന് വൈക്കം മുരിയന്‍കുളങ്ങര റോഡില്‍വെച്ച് കാല്‍നടയാത്രക്കാരനായ വൈക്കം കിഴക്കേനട ശ്യാമവിലാസം ആര്‍. രമേശന്‍, അന്ന് രണ്ടര വയസ്സുള്ള പേരക്കുട്ടി അക്ഷയ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുറ്റാരോപിതന് അന്ന് 17 വയസ്സായിരുന്നു. കേസില്‍ കുറ്റാരോപിതന്റെ അച്ഛന് പങ്കില്ലെന്നുകണ്ട് കോടതി ഒഴിവാക്കി. സ്‌കൂട്ടര്‍ മറ്റൊരു വ്യക്തിയുടേതായതിനാല്‍ അയാള്‍ക്കെതിരേയുള്ള കേസ് നടപടി തുടരും. ഇന്‍ഷൂറന്‍സ് ഇല്ലാത്ത വണ്ടിയായതിനാലാണ് ഉടമ നിയമനടപടി നേരിടേണ്ടിവരുന്നത്.

അപകടത്തില്‍ പരിക്കേറ്റ മുത്തശ്ശന് മൂന്നരലക്ഷം രൂപയും കുട്ടിക്ക് ഒരുലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാന്‍ കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 2025 ജനുവരി 27-ന് വിധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 23 വയസ്സുള്ള യുവാവ് നഷ്ടപരിഹാര തുക അടച്ചുതീര്‍ക്കാതെ മാറി നടന്നതിനെ തുടര്‍ന്നാണ് ജഡ്ജി തടവുശിക്ഷ വിധിച്ചത്. യുവാവിനെ കണ്ടെത്താന്‍ കോടതി ആമീന്‍ പലതവണ ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 
പരിക്കേറ്റവര്‍ക്കുവേണ്ടി അഡ്വ. പി. രാജീവ് ഹാജരായി. ട്രിബ്യൂണല്‍ വിധിച്ച നഷ്ടപരിഹാരതുകയും അതിന് നാളിതുവരെയുള്ള പലിശയും ഉള്‍പ്പെടെയുള്ള തുക ഈടാക്കുന്നതിനും വിധി നടപ്പാക്കുന്നതിനുമുള്ള തുടര്‍നടപടികള്‍ തുടരും. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക