
കാഞ്ഞങ്ങാട്: സി.പി.എം. നേതാവ് കാഞ്ഞങ്ങാട്ടെ എം.രാഘവനെ ഏരിയാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കാനുള്ള കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി യോഗ തീരുമാനം സി.പി.എം. ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും ശരിവച്ചു. രാഘവന്‍ പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പരസ്യ പ്രതീകരണമാണ് നടത്തിയതെന്നും ഇത് ഗുരുതര അച്ചടക്കലംഘനമാണെന്നും ജില്ലാ സെക്രട്ടറി എം.രാജഗോപാലന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പറ്റിയ തെറ്റ് സ്വയം വിമര്‍ശനപരമായി അംഗീകരിച്ചതിനാല്‍ രാഘവനെ ഏരിയാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കാന്‍ രാഘവന്‍ കൂടി പങ്കെടുത്ത കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി യോഗം തീരുമാനിക്കുകയും ഇതിന് ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കുകയും ചെയ്തുവെന്നും പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
വിപുലീകൃത ജില്ലാ സമ്മേളനം പാര്‍ട്ടിയുടെ കെട്ടുറപ്പും കരുത്തും തെളിയിക്കുന്നതായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജവും ജനങ്ങള്‍ക്ക് ആവേശവും പകരുന്നതായിരുന്നു സമ്മേളനം. എന്നാല്‍ രാഘവന്‍ പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ചൊവ്വാഴ്ച നടന്ന ജില്ലാകമ്മിറ്റി യോഗവും തുടര്‍ന്ന് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗവും വിലയിരുത്തി. തിങ്കളാഴ്ചയാണ് പ്രത്യേക ഏരിയാ കമ്മിറ്റി യോഗം വിളിച്ച് രാഘവന്‍ വിഷയം ചര്‍ച്ചചെയ്തതും തീരുമാനമെടുത്തതും. ജില്ലാ സെക്രട്ടറി എം.രാജഗോപാലനും സംസ്ഥാനസമിതിയംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രന്‍, സി.എച്ച്.കുഞ്ഞമ്പു എന്നിവരും ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു.
സി.പി.എമ്മിന്റെ ജില്ലയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് രാഘവന്‍. ഈ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് നേരേത്തതന്നെ രാഘവന്‍ സഹകരണ വകുപ്പ് ജോ. റജിസ്ട്രാര്‍ക്ക് നല്‍കിയിരുന്നു.
കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനും ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഒരുവര്‍ഷം മുന്‍പ് നടന്ന സി.പി.എം. ജില്ലാസമ്മേളനത്തിലും വേണ്ട പരിഗണന ലഭിച്ചില്ലെന്ന കാരണത്താല്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രാഘവന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേന്ദ്രകമ്മിറ്റിയഗം, ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച രാഘവന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി രണ്ടു പതിറ്റാണ്ടോളമാണ് പ്രവര്‍ത്തിച്ചത്. കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ഡയറക്ടറും സി.പി.എം. നിയന്ത്രണത്തിലുള്ള കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ബാലബോധിനി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയുമാണ്.
ഏരിയ കമ്മിറ്റിയംഗത്വത്തില്‍നിന്നും ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും മാത്രമേ നീക്കുന്നുള്ളൂവെന്നും ബാക്കിയെല്ലാ സ്ഥാനങ്ങളിലും രാഘവന്‍ തുടരുമെന്നുമാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. അതേസമയം വിഷയത്തില്‍ പ്രതീകരിക്കുന്നില്ലെന്ന് രാഘവന്‍ പറഞ്ഞു.