
ചെന്നൈ: തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തേക്കംപട്ടി ജില്ലാ ജയിലിൽനിന്ന് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെ പോലീസ് 24 മണിക്കൂറിനകം പിടികൂടി. രക്ഷപ്പെട്ടതിന് ശേഷം ജയിലിന് സമീപത്തെ മലഞ്ചെരുവിൽ മുൾക്കാട്ടിൽ ഒളിച്ചിരുന്ന പ്രതികളെ അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. പോലീസിന്റെ ശ്രദ്ധ തിരിയുമ്പോൾ കാട്ടിൽ നിന്ന് രക്ഷപ്പെടാമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതികൾ. ബാക്കി നാലുപേർക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്.
മുന്നൂറിലധികം തടവുകാരുള്ള ജയിലിലെ ഡോർമിറ്ററി ബ്ലോക്കിൽ നിന്നാണ് പ്രതികൾ പോലീസുകാരെ ആക്രമിച്ച് ചാടിപ്പോയത്. തടവുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് ജയിൽ ജീവനക്കാരെ ഡി.ജി.പി സന്ദീപ് റായ് റാത്തോഡ് സസ്പെൻഡ് ചെയ്തു. ജയിൽ ചാടിയവരിൽ ഏഴുപേർ കൊലക്കേസ് പ്രതികളും മറ്റുള്ളവർ കവർച്ച, ലഹരിമരുന്ന് കേസുകളിലെ പ്രതികളുമാണ്.
കറുപ്പസാമി, തരുൺകുമാർ, രാജ്കുമാർ, പാണ്ടിചെൽവം, ശബരീനാഥൻ, നിഷാന്ത്, മുത്തു ഇളങ്കോവൻ, കാർത്തിക് രാജ, ലിംഗപ്രസാദ്, രാജാ സിക്കന്ദർ, സിലമ്പരശൻ, സോളൈ മുകിലേശ്വരൻ, പ്രവീൺകുമാർ എന്നിവരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന തിരുപ്പതി, പൊൻമുത്തുസെൽവം, മീനാക്ഷിസുന്ദരം, റെജിൻ എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് അതിർത്തി മേഖലകളിലും പോലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.