Image

സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

Published on 28 October, 2026
സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുണ്ടായിരുന്ന 1.9 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. നിർമ്മാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പോലീസെടുത്ത കേസാണ് ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ റദ്ദാക്കിയത്. ഇതിനൊപ്പം, നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി നിർമ്മിച്ചെന്നാരോപിച്ച് ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളും കോടതി തീർപ്പാക്കി. ഇരുവിഭാഗവും തമ്മിൽ തർക്കങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പിലെത്തിയ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.

​'മഹാവീര്യർ' എന്ന ചിത്രത്തിന്റെ സാമ്പത്തിക നഷ്ടം നികത്താനായി 'ആക്ഷൻ ഹീറോ ബിജു 2' എന്ന പുതിയ ചിത്രത്തിൽ സഹനിർമ്മാതാവ് പദവിയും വിദേശ വിതരണാവകാശത്തിൽ നിന്നുള്ള ലാഭവിഹിതവും നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നായിരുന്നു ഷംനാസിന്റെ പരാതി. തുടർന്ന് ഷംനാസിനെതിരെ വ്യാജ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് നിവിൻ പോളിയും നിയമനടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ, പരസ്പരം കേസുകൾ ഒത്തുതീർപ്പാക്കിയെന്നും ഇനി പരാതികളില്ലെന്നും ഇരുപക്ഷവും കോടതിയെ അറിയിച്ചു. പൊതുസമൂഹത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളല്ല ഇതെന്നും പബ്ലിക് പ്രോസിക്യൂട്ടറും ഈ ഒത്തുതീർപ്പ് സ്ഥിരീകരിച്ചു.

​തുടർനടപടികളുമായി മുന്നോട്ടുപോയാലും പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാധ്യത തീർത്തും കുറവാണെന്നും, വിചാരണ തുടരുന്നത് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കലാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് മൂവർക്കുമെതിരെയുള്ള എല്ലാ ക്രിമിനൽ നടപടികളും പൂർണ്ണമായി റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക