Image

എൽ.പി.എസ്.ടി സമരം: മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം; വാദങ്ങൾ തള്ളി വളർമതി

Published on 28 October, 2026
എൽ.പി.എസ്.ടി സമരം: മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം; വാദങ്ങൾ തള്ളി വളർമതി

തിരുവനന്തപുരം: എൽ.പി സ്കൂൾ ടീച്ചേഴ്സ് (എൽ.പി.എസ്.ടി) റാങ്ക് ഹോൾഡേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനകളെ പൂർണ്ണമായും തള്ളി സമരസമിതി സെക്രട്ടറി എസ്. വളർമതി. സമരക്കാരുടെ അഞ്ചിൽ നാല് ആവശ്യങ്ങളും അംഗീകരിച്ചെന്നും വിദ്യാഭ്യാസമന്ത്രി എട്ടുതവണ ചർച്ച നടത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വളർമതി പറഞ്ഞു. ആരുമായാണ് മന്ത്രി ചർച്ച നടത്തിയതെന്നും, ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവ് സർക്കാർ പുറത്തുവിടണമെന്നും അവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

​പ്രതിപക്ഷത്തിരുന്ന കാലത്ത് അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന് വാദിച്ചവർ തന്നെയാണ് ഇപ്പോൾ അത് പെട്ടെന്ന് എങ്ങനെ നടപ്പാക്കുമെന്ന് ഭരണത്തിലിരുന്ന് ചോദിക്കുന്നതെന്ന് അവർ വിമർശിച്ചു. സംസ്ഥാനത്തെ എൽ.പി സ്കൂളുകളിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആയി കുറച്ചില്ലെങ്കിൽ നിലവിലെ റാങ്ക് ലിസ്റ്റിൽനിന്ന് ഇനി ഒരാൾക്ക് പോലും നിയമനം ലഭിക്കില്ലെന്നും, ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കും വരെ സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.

​എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം വൈകുന്നതിനെതിരെ ഓൾ കേരള എൽ.പി.എസ്.ടി.എ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണ്. സർക്കാരിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പലതവണ ശ്രമിച്ചെങ്കിലും കാണാൻ അനുമതി ലഭിച്ചില്ലെന്നും സമരസമിതി നേതാക്കൾ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക