
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി തള്ളി. പ്രധാന പ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷയാണ് കോടതി നിരാകരിച്ചത്. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും ശരിവെച്ച കോടതി, പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരണമെന്ന് ഉത്തരവിട്ടു. 14 ദിവസത്തെ റിമാൻഡ് കാലാവധി പിന്നിട്ടതിനെ തുടർന്നാണ് പ്രതികൾ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
അപകടസമയത്ത് കാർ മണിക്കൂറിൽ 163 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന പോലീസിന്റെ കണ്ടെത്തൽ പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അമിതവേഗതയിൽ വാഹനമോടിക്കുന്നത് പ്രതിയുടെ സ്ഥിരം പതിവാണെന്നും ഇത്തരക്കാർക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കൂടാതെ, പ്രതികൾ മദ്യപിച്ചാണ് അമിതവേഗതയിൽ വാഹനം ഓടിച്ചതെന്ന് തെളിയിക്കുന്ന മൂന്നാം പ്രതി ജോയലിന്റെ ശബ്ദസന്ദേശവും അന്വേഷണ സംഘം കോടതിയിൽ ഡിജിറ്റൽ തെളിവായി ഹാജരാക്കി.
ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശേരി അത്താണി സിഗ്നലിന് സമീപമുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ വയനാട് സ്വദേശിനി ദേവിക (21), മംഗലാപുരം സ്വദേശി ഇയാസ് (21), പാലക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടം നടന്നയുടൻ സുഹൃത്തുക്കളോട് രക്ഷപ്പെടാൻ ആവശ്യപ്പെട്ടതും, അമിതവേഗതയെക്കുറിച്ചും വ്യക്തമാക്കുന്ന ശബ്ദസന്ദേശമാണ് പ്രതികളെ കൂടുതൽ കുരുക്കിലാക്കിയത്.