
തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി ക്രമക്കേടുകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ചലച്ചിത്ര സംവിധായകൻ വിനയൻ. എൽ.പി സ്കൂൾ ടീച്ചേഴ്സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാതെ കണ്ണീരണിയുന്ന വളർമതി എന്ന ഉദ്യോഗാർത്ഥിയുടെ ചിത്രം കണ്ട് മനസ്സിൽ വലിയ വിഷമവും രോഷവുമുണ്ടായെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പി.എസ്.സി എന്ന ഭരണഘടനാ സ്ഥാപനത്തിൽ ഇപ്പോൾ നടക്കുന്നത് വൻ കുംഭകോണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ഒരു ലക്ഷം രൂപ ശമ്പളം കൂടുതൽ വാങ്ങുന്ന കേരളത്തിലെ പി.എസ്.സി ചെയർമാനും അംഗങ്ങളും കാണിച്ച അഴിമതിയുടെ പേരിൽ അവരെ പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്ത മുൻ കേരള ഗവർണറെ വിനയൻ അഭിനന്ദിച്ചു. പാവപ്പെട്ട ഉദ്യോഗാർത്ഥികളെ വഞ്ചിച്ച്, ഇഷ്ടക്കാരെ ഉന്നത തസ്തികകളിൽ തിരുകിക്കയറ്റാൻ ശ്രമിച്ച ക്രിമിനൽ സംഘങ്ങൾ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാൻ നോക്കുകയാണെങ്കിൽ അവരെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനീതികൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സംസ്ഥാനത്തെ പുതിയ തലമുറ (ജെൻസി) എന്തുകൊണ്ടാണ് ഈ കൊടുംചതി അറിയാതെ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം നിയമന അഴിമതികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുവതലമുറയെയാണെന്ന് ചൂണ്ടിക്കാട്ടിയ വിനയൻ, ഉദ്യോഗാർത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നവർക്കെതിരെ ശക്തമായ ജനരോഷം ഉയരണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.