
വാഷിംഗ്ടണ്‍: എച്ച്-1ബി വിസ ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന 1,00,000 ഡോളര്‍ ഫീസ് ഈടാക്കാതെ തന്നെയുള്ള വിസ ഹര്‍ജികള്‍ക്ക് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) അംഗീകാരം നല്‍കിത്തുടങ്ങി. തുക ഈടാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഫെഡറല്‍ കോടതി ഉത്തരവുകളെ തുടര്‍ന്നാണ് ഈ നടപടി.
കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയ തൊഴിലുടമകള്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കുന്നത്. നിലവില്‍ അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത വിവിധ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യസ്തമാണ്.
2025 സെപ്റ്റംബറിലെ പ്രസിഡന്‍ഷ്യല്‍ പ്രൊക്ലമേഷന്‍ (Presidential Proclamation) വഴിയാണ് ഈ ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തിയിരുന്നത്. യു.എസിന് പുറത്തുള്ള ജീവനക്കാര്‍ക്കായി സമര്‍പ്പിച്ച പുതിയ എച്ച്-1ബി അപേക്ഷകളെയാണ് ഇത് പ്രധാനമായും ബാധിച്ചിരുന്നത്. എന്നാല്‍ രണ്ട് ഫെഡറല്‍ കോടതികള്‍ ഈ നീക്കം തടയുകയായിരുന്നു.
ഈ സാഹചര്യത്തില്‍, മുമ്പ് പരിഗണനയിലുള്ള അപേക്ഷകള്‍ പുനഃപരിശോധിക്കാനും വലിയ ഫീസ് കാരണം ഒഴിവാക്കിയിരുന്ന വിദേശ ഉദ്യോഗാര്‍ത്ഥികളെ വീണ്ടും പരിഗണിക്കാനും തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.