
കല്പറ്റ: നാടിനു നൊമ്പരമായ അമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും മരണത്തില്‍ കുറ്റപത്രത്തിന്റെയും വാദപ്രതിപാദത്തിനുമപ്പുറം മനഃസാക്ഷിയെ ചേര്‍ത്തുനിര്‍ത്തി നീതിയുടെ വാതില്‍ തുറക്കുകയാണ് കോടതി.
കേസിന്റെ വിചാരണ പൂര്‍ത്തിയാവും മുന്‍പേ പ്രതിയും മരണപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് സമര്പ്പികുറ്റപത്രത്തിലെ വിവരങ്ങള്‍ കോടതിയില്‍ ഇരയുടെ കുടുംബത്തിന്റെ വേദനകള്‍ വിളിച്ചു പറഞ്ഞു. വിചാരണയ്ക്കു മുന്‍പ് പ്രതി മരണപ്പെട്ടതോട നിയമവഴിയില്‍ കേസ് അവസാനിച്ചെങ്കിലും ഇരയുടെ കുടുംബത്തിന്റെ വേദനയും പ്രാരബ്ധവും മുന്നോട്ടുള്ള ജീവിതവും കോടതിക്കു മുന്പില് ഒരു ചോദ്യമായിത്തന്നെ നിന്നു. വേദന കോടതി കണ്ടു.
അവസാനിപ്പിക്കാമായിരുന്ന കേസില്‍ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും ഇരയുടെയും കുടുംബാംഗങ്ങളുടെയും മാനസികവും ഭൗതികവുമായ വൈകല്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും പരിഗണിച്ച് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വയനാട് ജില്ലാ അഡീഷനല്‍ സെഷന്‍സ് (രണ്ട് )കോടതി വിധിച്ചു.
മാനസികമായി വെല്ലുവിളി നേരിടുന്ന വിവാഹമോചിതയായ ഒരു സ്ത്രീയെ സഹായിയുടെ രൂപത്തില്‍ ഒപ്പംകൂടി ലൈംഗികമായി ഉപയോഗിക്കുകയും ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് ഇഷ്ടപ്പെട്ട ജ്യൂസില്‍ കീടനാശിനി കലര്‍ത്തി സ്ത്രീയെയും ഗര്‍ഭസ്ഥശിശുവിനെയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതിയുടെ അപൂര്വമായവിധി. കേസിലെ പ്രതിയായ എടവക വാളേരി പുതുപറമ്പില്‍ റഹിം ഹൃദയാഘാതത്തെത്തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാവും മുന്‍പേ മരിച്ചു. 2026 ഓഗസ്റ്റ് 26-നാണ് റഹീം മരണപ്പെട്ടത്. ഇരയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി വയനാട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എല്‍. ജയവന്താണ് വിചാരണ അവസാനിച്ചതുകൊണ്ട് ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിനുള്ള
അവകാശം നിഷേധിക്കാനാവില്ലെന്ന നിലപാടുമായി വിധി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ മൂന്നിനായിരുന്നു വിധി പ്രഖ്യാപനം. വിചാരണ അവസാനിക്കുന്നതിനു മുന്‍പ് പ്രതി മരണപ്പെട്ടതിനാല്‍ ശിക്ഷവിധിക്കാന്‍ കഴിയില്ല. അതിനാല്‍ നഷ്ടടപരിഹാരത്തുക ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖാന്തരം ഇരയുടെ കുടുംബത്തിന് നല്‍കാനാണ് വിധി.
അന്നത്തെ മാനന്തവാടി സി.ഐ. ആയിരുന്ന എം.എം. അബ്ദുള്‍ കരീമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇരയുടെ കുടുംബത്തിന് ആശ്വാസം നല്‍കാനുള്ള കോടതിയുടെ മാനവിക ഇടപെടലിനെയും ആദരിക്കുന്നതായും അന്വേഷണമികവിനുള്ള അംഗീകാരമായി കരുതുന്നെന്നും എം.എം. അബ്ദുള്‍ കരീം പറഞ്ഞു.
ഡി.എന്‍.എ. പരിശോധനയും രാസപരിശോധനയും ഉള്‍പ്പെടെയുള്ള ശാസ്ത്രീയതെളിവുകള്‍ നിര്ണായകമായതായിരുന്നു ഈ കേസ്. ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് പ്രതിയാണെന്ന് ഡി.എന്‍.എ.യിലൂടെ തെളിഞ്ഞു. മരണകാരണം ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി അകത്ത് ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും. അന്വേഷണത്തില്‍ കണ്ടെത്തിയ ജ്യൂസ് കുപ്പിയിലെ വിഷാംശം, വീട്ടിലെ ഛര്‍ദിയുടെ അംശത്തില്‍നിന്ന് ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞ കീടനാശിനി അംശം തുടങ്ങി സൂക്ഷ്മനിരീക്ഷണത്തില്‍ ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി.