
യുഎസിലും കാനഡയിലും യുകെയിലും ഇന്ത്യയിലുമുള്ള ജീവനക്കാർക്കു സ്വയം പിരിഞ്ഞു പോകാൻ മൈക്രോസോഫ്റ്റ് അവസരം നൽകുന്നു. ഏതാണ്ട് 60,000 പേരെയാണ് ഇതു ബാധിക്കുകയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എ ഐ രംഗത്തു വൻ തോതിൽ പണം ഇറക്കേണ്ടി വന്നതിനാൽ ചെലവ് നിയന്ത്രിക്കാനാണ് Voluntary Exit Offer (VEO) എന്ന പേരിലുള്ള ഈ പിരിച്ചുവിടൽ.
ഇക്കാര്യം അറിയിച്ചു എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആമി കോൾമാൻ ജീവനക്കാർക്ക് എഴുതി. മൈക്രോസോഫ്റ്റ് അവരുടെ വെബ്സൈറ്റിൽ അറിയിച്ചിട്ടമുണ്ട്.
പരിമിത കാലത്തേക്കു മാത്രമുള്ള ഓഫറാണ് ഇതെന്നു കോൾമാൻ പറഞ്ഞു. എത്ര പേർക്കു പിരിഞ്ഞു പോകാം എന്നു കമ്പനി പറയുന്നില്ലെങ്കിലും ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട ഒരാളെ ഉദ്ധരിച്ചു സി എൻ ബി സി പറഞ്ഞത് 60,000 പേർക്കു ബാധകമാണ് എന്നാണ്. കമ്പനിയിൽ ജോലി ചെയ്യുന്ന 223,000 പേരിൽ 27% വരും അവർ.
വമ്പിച്ച എൻജിനിയറിംഗ്-സപ്പോർട്ട് ഓപ്പറേഷനുകൾ നടത്തുന്ന ഇന്ത്യയിൽ എത്ര ജീവനക്കാരെയാണ് പിരിച്ചുവിടുകയെന്നു മൈക്രോസോഫ്റ്റ് വ്യക്തമാക്കിയില്ല.
കോപൈലറ്റ്, കോർഎഐ, വിൻഡോസ്-ഡിവൈസസ്, എക്സ്ബോക്സ്, ഫിനാൻസ്, ഹ്യുമൻ റിസോഴ്സസ് വിഭാഗങ്ങളിലാണ് വി ഇ ഓ നടപ്പാക്കുക. മാർക്കറ്റിങ്, കൊമേർഷ്യൽ ബിസിനസ്, ക്വാണ്ടം വിഭാഗങ്ങളിൽ ഇല്ല.
പിരിഞ്ഞു പോകുന്നവർ ഡിസംബറിൽ തീരുമാനം എടുത്തു 31നകം പിരിയണം.
ജൂലൈയിൽ 4,800 ജീവനക്കാരെ പിരിച്ചു വിടുന്നു എന്നു മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. അധികവും എക്സ്ബോക്സ്-കൊമേഴ്സ്യൽ സെയിൽസ് ജീവനക്കാർ.
എ ഐ പരിപാടിയുടെ വികസനത്തിനു ഡാറ്റ സെന്ററുകളിൽ വൻ തോതിൽ പണം ഇറക്കി വരികയാണ് മൈക്രോസോഫ്റ്റ്. എന്നാൽ ചെലവ് കുറയ്ക്കാനുളള ശ്രമവും അതിന്റെ ഭാഗമായി തന്നെ നടക്കുന്നുണ്ട്. നോർത്ത് അമേരിക്കയ്ക്ക് അപ്പുറം പിരിച്ചുവിടൽ നടത്തുമ്പോൾ ഇന്ത്യയെ കൂടി ഉൾപ്പെടുത്തിയത് അവിടെ മൈക്രോസോഫ്റ്റിന്റെ ജീവനക്കാർ അത്രയേറെ ഉള്ളതു കൊണ്ടാണ്. യുഎസിൽ തന്നെ അവരുടെ എഞ്ചിനിയർമാരിൽ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ് താനും.
യുഎസിൽ വർക്ക് വിസയിൽ ജോലി ചെയ്യുന്നവരെ ഈ പിരിച്ചുവിടൽ എങ്ങിനെ ബാധിക്കുമെന്നു വ്യക്തമായിട്ടില്ല. പ്രായമോ സേവന കാലഘട്ടത്തിന്റെ ദൈർഘ്യമോ തൊഴിൽ മികവോ ഒന്നും ബാധകമല്ലെന്നു മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നുണ്ട്. പിരിഞ്ഞു പോകാൻ 'യോഗ്യരായ' ജീവനക്കാർക്കു നേരിട്ടു ഇമെയിൽ ലഭിക്കും.
Microsoft offers voluntary exits to staff in India, US