
ലൂയിസ കൗണ്ടി (വെര്‍ജീനിയ): അമേരിക്കയിലെ വെര്‍ജീനിയയില്‍ നാല് വയസ്സുകാരനായ ഗാര്‍സിയ വെല്‍ച്ച് എന്ന കുട്ടി അമേരിക്കന്‍ ബുള്ളി നായയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച പിതാവിനൊപ്പം ലൂയിസ കൗണ്ടിയിലെ വീട്ടില്‍ ചെലവഴിക്കുന്നതിനിടയിലാണ് സംഭവം.
കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ ഗബ്രിയേല്‍ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നു. ആക്രമണം തുടരുന്നതിനിടയില്‍ പൊലീസ് സ്ഥലത്തെത്തി നായയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഹെലികോപ്റ്ററില്‍ കയറ്റുന്നതിന് മുന്‍പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നു.
തമാശകളും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രീസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഗാര്‍സിയ എന്ന് കുടുംബാംഗങ്ങള്‍ അനുസ്മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.