Image

യുവാവ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികനായ അധ്യാപകന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

Published on 26 October, 2026
 യുവാവ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികനായ അധ്യാപകന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

ഒതുക്കുങ്ങല്‍ (മലപ്പുറം): കുഴിപ്പുറം കവലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപകന്‍ മരിച്ചു. കുഴിപ്പുറം പാലേമാട് സ്വദേശി അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ല്‍ ഷറഫുദ്ദീന്‍ (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. പറപ്പൂര്‍ സ്വദേശി അക്ബര്‍ അലി (36) ഓടിച്ച കാര്‍ ഇടിച്ചാണ് അപകടം. ഇയാളെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. അക്ബര്‍ അലി മദ്യപിച്ചിരുന്നെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഷറഫുദ്ദീനും സുഹൃത്ത് കുഴിപ്പുറം കോടായിക്കാടന്‍ ഹബീബും ബൈക്കില്‍ വരുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീന്‍ രാത്രി പന്ത്രണ്ടരയോടെ മരിച്ചു.

സ്വകാര്യ സ്‌കൂളില്‍ താത്കാലിക അധ്യാപകനാണ് ഷറഫുദ്ദീന്‍. അപകടത്തില്‍ ഹബീബിന്റെ വാരിയെല്ല് പൊട്ടിയിട്ടുണ്ട്.മൃതദേഹം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വേങ്ങര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഷറഫുദ്ദീന്റെ പിതാവ്: പരേതനായ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ഇബ്രാഹിം. മാതാവ്: പരേതയായ ഇത്തീരു. സഹോദരന്‍: പരേതനായ ഷംസുദ്ദീന്‍ (യൂത്ത് കോണ്‍ഗ്രസ് മുന്‍ പറപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, സാംസ്‌കാരിക പ്രവര്‍ത്തകന്‍).
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക