Image

അന്വേഷണം കടുപ്പിക്കാന്‍ SIT; എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും, പിഎസ്സി പരീക്ഷാക്രമക്കേടില്‍ പരാതി പ്രവാഹം

Published on 26 October, 2026
 അന്വേഷണം കടുപ്പിക്കാന്‍ SIT; എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും, പിഎസ്സി പരീക്ഷാക്രമക്കേടില്‍ പരാതി പ്രവാഹം

 

തിരുവനന്തപുരം: പിഎസ്സി പരീക്ഷാക്രമക്കേടില്‍ അന്വേഷണം കടുപ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം. ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകുന്നതിനായി പിഎസ്സി അംഗങ്ങള്‍ക്കും നോട്ടീസ് നല്‍കി. എസ് ശ്രീകുമാര്‍, എസ്എ സെയ്ഫ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് പിഎസ്സി ആസ്ഥാനത്ത് ഹാജരാകണം എന്നാണ് നിര്‍ദേശം.

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാക്രമക്കേട് കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. അഡീഷണല്‍ സെക്രട്ടറി ഹരി, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരാണ് പ്രതികള്‍. ഇവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്.

പിഎസ്സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നത് എന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് നടപടി വേഗത്തിലാക്കാനുള്ള എസ്ഐടി നീക്കം. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികള്‍ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ച് ഇതിനകം 177 പരാതികള്‍ എസ്ഐടിക്ക് ലഭിച്ചു. എന്നാല്‍ ഒരുകേസ് മാത്രമാണ് എസ്ഐടി രജിസ്റ്റര്‍ ചെയ്തത്. മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനാണ് എസ്ഐടി നീക്കം. വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ എന്നിവയിലാണ് ക്രമക്കേട് ആരോപണം ഉയര്‍ത്തി പരാതി ലഭിച്ചിരിക്കുന്നത്. മൂന്ന് പരീക്ഷകളിലെ ക്രമക്കേടുകളില്‍ ഉടന്‍ എഡിജിപിക്ക് എസ്ഐടി റിപ്പോര്‍ട്ട് നല്‍കും. ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക