Image

സൗദി വിട്ടു പോകാൻ യുഎസ് പൗരന്മാർക്കു നിർദേശം, പ്രാദേശിക സംഘർഷം ആളിക്കത്തുമെന്നു താക്കീത് (പിപിഎം)

Published on 26 October, 2026
സൗദി വിട്ടു പോകാൻ യുഎസ് പൗരന്മാർക്കു നിർദേശം, പ്രാദേശിക സംഘർഷം ആളിക്കത്തുമെന്നു താക്കീത് (പിപിഎം)

സൗദി അറേബ്യയിൽ നിന്ന് എമർജൻസി സ്റ്റാഫ് ഒഴികെയുള്ളവർ കുടുംബ സമേതം ഒഴിഞ്ഞു പോകണമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഞായറാഴ്ച്ച ഉത്തരവിട്ടു. യെമെനിലെ ഹൂത്തി കലാപകാരികളുടെ നിരന്തരമായ ആക്രമണം നേരിടുന്ന ഗൾഫ് രാജ്യത്തു സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയില്ലെന്നു റിയാദിലെ യുഎസ് എംബസി പുറത്തു വിട്ട ഉത്തരവിൽ പറയുന്നു. 

റിയാദ് കിംഗ് ഖാലിദ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്നു ഹൂത്തി വക്താവ് യഹ്യ സരി ഞായറാഴ്ച്ച അറിയിച്ചിരുന്നു. ഊർജ കേന്ദ്രങ്ങൾ, റിഫൈനറികൾ, സൈനിക കേന്ദ്രങ്ങൾ എന്നിവയും ആക്രമിച്ചു.

റിയാദിനെ ലക്ഷ്യമാക്കിയ ഹൂത്തി മിസൈലുകൾ തകർത്തെന്നു സൗദി സഖ്യം അവകാശപ്പെട്ടു.

അതിർത്തി കടന്നുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ പ്രാദേശിക സംഘർഷം കുത്തനെ ഉയരുന്ന സ്ഥിതിയാണെന്നു യുഎസ് അറിയിപ്പിൽ പറയുന്നു.

അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉന്നതതല അനുമതി കൂടാതെ  സൗദിയുടെ ആഭ്യന്തര വിമാനത്താവളങ്ങൾ ഉപയോഗിക്കരുതെന്നു എംബസി പറഞ്ഞു. 

കിംഗ് ഖാലിദ് എയർപോർട്ട് ഞായറാഴ്ച്ച ആഭ്യന്തര സർവീസുകൾക്കും ചില അന്താരാഷ്ട്ര സർവീസുകളുമായി ഭാഗികമായി തുറന്നു. ഖാസിമിലെ പ്രിൻസ് നായിഫ് എയർപോർട്ടിൽ നിന്നു കുറെ വിമാനങ്ങൾ പറക്കുന്നുണ്ട്.

ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് എയർപോർട്ട്, ദമ്മാമിലെ കിംഗ് ഫഹദ് എയർപോർട്ട് എന്നിവ ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്.  

US orders non-emergency personnel, families to leave Saudi Arabia

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക