
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്താൻ സർക്കാരിന് പൊതുഭരണ സെക്രട്ടറിയുടെ ശുപാർശ. നിലവിൽ പി.എസ്.സി അംഗങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളൊന്നും നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്നാണ് പ്രധാന നിർദ്ദേശം. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പൊതുഭരണ സെക്രട്ടറി ഇത് സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
പി.എസ്.സി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ഇന്റർവ്യൂ ബോർഡ് രൂപീകരിക്കണമെന്നും അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും കൃത്യമായി പരിശോധിക്കണമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു. കൂടാതെ, പി.എസ്.സിയിലെ നിലവിലെ അംഗസംഖ്യ പരിമിതപ്പെടുത്താനും പൊതുപ്രവർത്തകരെ അംഗങ്ങളാക്കുന്നതിൽ കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
അതേസമയം, നിലവിലെ പി.എസ്.സി ചെയർമാൻ എം. ആർ. ബൈജു ഉൾപ്പെടെയുള്ള 16 അംഗങ്ങളെയും സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നിർണ്ണായക ശുപാർശ നൽകി.