
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം സസ്‌പെൻഷനിലായ മുൻ ഗൺമാൻമാർ അനധികൃതമായി ഉപയോഗിച്ചതായി ഇന്റലിജൻസ് കണ്ടെത്തൽ. കൊച്ചിയിൽനിന്ന് മടങ്ങുമ്പോൾ ഇവർക്ക് ലിഫ്റ്റ് നൽകിയതാണെന്ന ഡ്രൈവർ ഷിനോജിന്റെ മൊഴി കളവാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണസംഘം ഇന്റലിജൻസ് എഡിജിപിക്ക് കൈമാറി. വാഹനം പുറപ്പെടുമ്പോൾ മുതൽ തിരുവനന്തപുരത്തുണ്ടായിരുന്ന ഇവർ കൊച്ചിയിലേക്ക് പോയപ്പോഴും മടക്കയാത്രയിലും കാറിലുണ്ടായിരുന്നുവെന്ന് ടവർ ലൊക്കേഷൻ വിവരങ്ങൾ അടിസ്ഥാനമാക്കി പോലീസ് സ്ഥിരീകരിച്ചു. വ്യാജമൊഴി നൽകുകയും വാഹനം വിട്ടുനൽകുകയും ചെയ്ത ഡ്രൈവർ ഷിനോജിനെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
എറണാകുളത്ത് മുൻ മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്കായി റോഡ് മാർഗ്ഗം അയച്ചതായിരുന്നു ഈ ഔദ്യോഗിക വാഹനം. പിണറായി വിജയൻ ട്രെയിനിലാണ് യാത്ര ചെയ്തത്. എന്നാൽ പരിപാടി അവസാനനിമിഷം റദ്ദാക്കിയതോടെ വാഹനം തിരുവനന്തപുരത്തേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. നവകേരള സദസ്സിലെ രക്ഷാപ്രവർത്തനക്കേസിൽ കഴിഞ്ഞ ജൂൺ മുതൽ സസ്‌പെൻഷനിലുള്ള അനിൽകുമാറും സന്ദീപും ഇതേ വാഹനത്തിൽ യാത്ര ചെയ്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
സസ്‌പെൻഷൻ കാലയളവിൽ ഇവർ നേരത്തെയും ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കായി അനുവദിച്ചിരുന്ന ഔദ്യോഗിക എസ്കോർട്ട് ഇന്നോവ കാറുമായി അനിൽകുമാർ അടക്കമുള്ളവർ പത്തനാപുരം, ഏനാത്ത് ഭാഗങ്ങളിൽ യാത്ര നടത്തിയതായി മുൻപ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. തുടർച്ചയായി ഔദ്യോഗിക വാഹനങ്ങൾ ചട്ടവിരുദ്ധമായി ഉപയോഗിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് സൂചന.