Image

സ്വകാര്യ കാറുകളിൽ ഔദ്യോഗിക നമ്പർപ്ലേറ്റ് വയ്ക്കാം; കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ അഞ്ച് മന്ത്രിമാർക്ക് അനുമതി, ഇന്ധനച്ചെലവ് നൽകില്ലെന്ന് സർക്കാർ

Published on 25 October, 2026
സ്വകാര്യ കാറുകളിൽ ഔദ്യോഗിക നമ്പർപ്ലേറ്റ് വയ്ക്കാം; കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ അഞ്ച് മന്ത്രിമാർക്ക് അനുമതി, ഇന്ധനച്ചെലവ് നൽകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സ്വന്തം സ്വകാര്യവാഹനങ്ങളിൽ ഔദ്യോഗിക നമ്പർപ്ലേറ്റ് പതിച്ച് ഉപയോഗിക്കാൻ അഞ്ച് മന്ത്രിമാർക്ക് പൊതുഭരണ വകുപ്പിന്റെ അനുമതി. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മൂന്ന് സ്വകാര്യവാഹനങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കാനാണ് സർക്കാർ അനുമതി നൽകിയത്. കുഞ്ഞാലിക്കുട്ടിയെക്കൂടാതെ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. ബഷീർ, കെ.എം. ഷാജി, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരുടെ അപേക്ഷകളിന്മേലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഈ വിവരം പുറത്തുവന്നത്.

​ഔദ്യോഗിക നമ്പർപ്ലേറ്റ് ഘടിപ്പിച്ച് യാത്ര ചെയ്യാൻ അനുമതിയുണ്ടെങ്കിലും ഈ വാഹനങ്ങളുടെ ഇന്ധനച്ചെലവോ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള മറ്റ് പരിപാലനച്ചെലവുകളോ സർക്കാർ വഹിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിമാർ യാത്ര ചെയ്യുമ്പോൾ മാത്രമായിരിക്കണം സ്വകാര്യവാഹനങ്ങളിൽ ഔദ്യോഗിക നമ്പർപ്ലേറ്റ് സ്ഥാപിക്കേണ്ടതെന്ന കർശന വ്യവസ്ഥയും പൊതുഭരണ വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.

​നേരത്തെ മുൻകൂർ അനുമതി വാങ്ങാതെ സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ നടപടി. അന്ന് പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെ സ്വകാര്യ കാറിൽ നമ്പർപ്ലേറ്റ് പതിച്ചതിനെത്തുടർന്ന് ഉണ്ടായ വിവാദങ്ങളിൽപ്പെട്ട് വാഹനം സുഹൃത്തിന് തിരിച്ചുനൽകേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാർ ചട്ടപ്രകാരം അപേക്ഷ നൽകി സർക്കാരിൽനിന്ന് ഔദ്യോഗിക അനുമതി നേടിയെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക