
കണ്ണൂർ: സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തയിൽനിന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണം തള്ളി വൈദേകം റിസോർട്ട് ജനറൽ മാനേജർ തോമസ് ജോസഫ്. കർത്തയുടെ പണം വൈദേകത്തിലെത്താൻ വിദൂരസാധ്യത പോലുമില്ലെന്നും ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര റിസോർട്ടിൽ നിക്ഷേപിച്ചത് അവരുടെ പി.എഫ് തുകയാണെന്നും മാനേജർ വ്യക്തമാക്കി. കമ്പനിയിലേക്കുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് മുഖേന സുതാര്യമായാണ് നടന്നിട്ടുള്ളത്. കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ നേരത്തെ വിശദമായി പരിശോധിച്ച് ഓഡിറ്റ് ചെയ്തതാണെന്നും ഇപ്പോഴത്തെ ആരോപണങ്ങൾ കേവലം ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി. ജയരാജന്റെ സഹോദരീപുത്രൻ ശ്യാംജിത്തിന്റെ പ്രതികാര നടപടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നിലെന്നാണ് വൈദേകം മാനേജ്‌മെന്റിന്റെ ആരോപണം. ശ്യാംജിത്തിന്റെ ഭാര്യ മുൻപ് വൈദേകത്തിൽ ജോലി ചെയ്തിരുന്നതായും, റിസോർട്ടിന്റെ പ്രവർത്തനങ്ങളിൽ അനധികൃതമായി കടന്നുകയറി ക്രമക്കേട് നടത്തിയതിന് ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നതായും മാനേജർ വ്യക്തമാക്കി. ഈ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിലുള്ള വൈരാഗ്യമാണ് ശ്യാംജിത്തിന്റെ പ്രതികരണത്തിന് പിന്നിലെന്നും, ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന ശ്യാംജിത്തിന്റെ വാദം പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും തോമസ് ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ പേരിൽ പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് താനിട്ടതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വ്യക്തമാക്കി ശ്യാംജിത്ത് രംഗത്തെത്തി. സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തയെ തനിക്ക് പരിചയമില്ലെന്നും, കണ്ണൂരിലെത്തിയ ഉടൻ സംഭവത്തിൽ സൈബർ സെല്ലിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാംഗത്തിന്റെ പോസ്റ്റും റിസോർട്ട് മാനേജ്‌മെന്റിന്റെ മറുപടിയും വന്നതോടെ വിഷയം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.