
കൽപ്പറ്റ: സഹോദരനൊപ്പം റോഡരികിലൂടെ ട്യൂഷന് നടന്നുപോകുകയായിരുന്ന പതിനൊന്നുകാരി അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ചു. മാനന്തവാടി - കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ദിവ. ഒപ്പമുണ്ടായിരുന്ന സഹോദരൻ ഏഴുവയസ്സുകാരനായ ഡെറിക് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെ രണ്ടേനാലിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. കല്ലോടി ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് തെറ്റായ ദിശയിലൂടെ വന്ന് കുട്ടികളെ പിന്നിൽനിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടികളെ ഇടിച്ച ശേഷം എതിരെ വന്ന സ്കൂട്ടറിലിടിച്ചാണ് കാർ നിന്നത്. ഗുരുതരമായി പരിക്കേറ്റ ദിവയെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
കാറോടിച്ച അയിലമൂല സ്വദേശി സജി എബ്രഹാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനന്തവാടി മെഡിക്കൽ കോളേജ് മുൻ ഐടി കോ-ഓർഡിനേറ്ററായിരുന്ന ദിവയുടെ പിതാവ് രാജേഷ് നിലവിൽ ഓസ്ട്രിയയിലാണ്. മാതാവ് സ്വപ്ന മാനന്തവാടിയിൽ ബ്യൂട്ടി പാർലർ നടത്തിവരികയാണ്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.