
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഞായർ) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ റസിഡൻഷ്യൽ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ-പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് മലപ്പുറം ജില്ലാ കലക്ടർ വ്യക്തമാക്കി.
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് വയനാട് ജില്ല. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, അഡ്വഞ്ചർ ടൂറിസം, ട്രക്കിങ് എന്നിവയ്ക്ക് ഇന്ന് പൂർണ്ണ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വെള്ളരിമല വില്ലേജ് ഓഫീസർക്കും കലക്ടർ കർശന നിർദ്ദേശം നൽകി.
അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തദ്ദേശ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും അപകടാവസ്ഥയിലുള്ള വീടുകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശമനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ സഹകരിക്കണമെന്ന് കലക്ടർമാർ അഭ്യർത്ഥിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പുഴകളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.