
കൊച്ചി: ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന പരാമർശം നടത്തിയ ഇന്‍ഫ്ളുവന്‍സര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യന്‍ ഇന്‍ഫ്ളുവന്‍സര്‍ അമർസിങ് ധറിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2), 192 എന്നിവ പ്രകാരമാണ് ഫോർട്ട് കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരളത്തിൽ മതസൗഹാർദം തകർക്കാനും വിഭാഗീയത സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പ്രതി വിഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത് എന്ന് എഫ്ഐആറിൽ പറയുന്നു.
ഇതേസമയം ഫോർട്ട് കൊച്ചിയെയും കൊച്ചിയിലെ മുസ്ലിം സമൂഹത്തെയും ലക്ഷ്യമിട്ട് വിദ്വേഷ പരാമർശങ്ങൾ നടത്തിയ വ്ലോഗർ അമൃത് സിങ്ങിനെതിരെ (ലിറ്റിചോക്കപ്പ്) ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊലീസിൽ പരാതി നൽകി. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
തന്റെ വ്ലോഗിലൂടെ പ്രദേശത്തെയും ഒരു പ്രത്യേക സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലും വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയത്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മിറ്റിയംഗം ഫുആദ് പി.എസ് ആണ് പരാതി നൽകിയത്.
സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുവാനും വർഗീയ ധ്രുവീകരണം ഉണ്ടാക്കുവാനും ലക്ഷ്യമിട്ടു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്ന ഇത്തരം ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ഉന്നയിച്ചു.