
ജീവിതച്ചെലവ് വർധനവും വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറയ്ക്കലും ഉയർത്തിയ പ്രതിഷേധം ഫ്രാൻസിൽ ശക്തമാകുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം 70,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് അറിയിച്ചു. ഹെലികോപ്റ്ററുകൾ, കവചിത വാഹനങ്ങൾ, ജലപീരങ്കികൾ എന്നിവയുടെ സഹായത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 135 പേരെ അറസ്റ്റ് ചെയ്യുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയുണ്ടായ അക്രമസംഭവങ്ങളിൽ മൂവായിരത്തോളം കടകൾ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടിയായി പാരിസിലെ പ്രധാന മ്യൂസിയങ്ങളായ ലൂവ്ര്, ഓർസെ എന്നിവ അടച്ചിട്ടു. വ്യാപാരികളും തങ്ങളുടെ സ്ഥാപനങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രതിഷേധം കൂടുതൽ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അധികൃതർ ജാഗ്രത ശക്തമാക്കിയത്.
വെള്ളിയാഴ്ച പാരിസിൽ നടത്താനിരുന്ന പ്രകടനങ്ങളുടെ വഴി പൊലീസ് അവസാന നിമിഷം മാറ്റുകയും പ്രതിഷേധങ്ങൾ നഗരത്തിന്റെ തെക്കുകിഴക്കൻ അതിർത്തിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ പൊലീസിന്റെ നിർദേശം ലംഘിച്ച് പ്രതിഷേധം നടത്തിയവർക്കെതിരെ ലിയോണിൽ കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2,50,000 അധിക സീറ്റുകൾ അനുവദിക്കുക, പ്രതിമാസം 200 യൂറോയുടെ വിദ്യാർത്ഥി ഗ്രാന്റ് നൽകുക, വേതനവും പെൻഷനും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.