Image

കുട്ടിയെ മര്‍ദിച്ച കേസില്‍ ഒളിവില്‍പോയ അമ്മ 13 വര്‍ഷത്തിനുശേഷം പിടിയില്‍; കോടതിമുറ്റത്ത് അമ്മയും മകനും ഒന്നായി

Published on 24 October, 2026
 കുട്ടിയെ മര്‍ദിച്ച കേസില്‍ ഒളിവില്‍പോയ അമ്മ 13 വര്‍ഷത്തിനുശേഷം പിടിയില്‍; കോടതിമുറ്റത്ത് അമ്മയും മകനും ഒന്നായി

 

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത മകനെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ അമ്മ 13 വര്‍ഷത്തിനുശേഷം പിടിയിലായി. കാസര്‍ഗോഡ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ സ്വീകരിക്കാനെത്തിയത് ഇതിനകം വളര്‍ന്നു വലുതായ മകനും മകളും. പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് മകന്‍ അറിയിച്ചതോടെ കോടതി യുവതിക്ക് ജാമ്യവും അനുവദിച്ചു.

ബാലനീതി നിയമപ്രകാരം 2013ല്‍ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ പ്രതിയായിരുന്ന ആര്യ എന്ന വി.പി. ആയിഷാബി (43) യെയാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഇന്റലിജന്‍സ് സ്‌ക്വാഡ് പത്തനംതിട്ട തിരുവല്ലയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
ചീമേനി സ്വദേശിയായ ആയിഷാബി ആര്യ എന്ന പേരു സ്വീകരിച്ച് പത്മനാഭന്‍ എന്നയാളിനൊപ്പം 2013 കാലത്ത് പെട്ടിക്കുണ്ടില്‍ താമസിച്ചിരുന്നു.

ഒരു മകനും ഒരു മകളുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇരുവര്‍ക്കുമിടയിലുണ്ടായ കുടുംബവഴക്കുകളെത്തുടര്‍ന്നാണ് അമ്മ മകനെ ക്രൂരമായി മര്‍ദിച്ചതായി അച്ഛന്‍ പൊലിസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ആയിഷാബി അറസ്റ്റിലാകുകയും ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഒളിവില്‍ പോകുകയുമായിരുന്നു. ഒളിവില്‍ പോയശേഷം ആര്യ എന്ന പേരില്‍ത്തന്നെ എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഹോം നഴ്‌സായി ജോലിചെയ്തുവരികയായിരുന്ന ഇവര്‍.

മിക്കപ്പോഴും മൊബൈല്‍ ഫോണ്‍ പോലും ഇവര്‍ ഉപയോഗിച്ചിരുന്നില്ല. നാട്ടിലുള്ള കുടുംബാംഗങ്ങളോ മറ്റുള്ളവരോ ആയി യാതൊരു ബന്ധവും പുലര്‍ത്തിയതുമില്ല. അതുകൊണ്ടുതന്നെ പൊലിസിന് ഇവരെ അന്വേഷിച്ചു കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. ലഭ്യമായ സൂചനകള്‍ വച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്റലിജന്‍സ് സ്‌ക്വാഡ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണു ഹോം നഴ്‌സുമാരെ ഏര്‍പ്പെടുത്തി നല്‍കുന്ന ഒരു ഏജന്‍സി മുഖേന കഴിഞ്ഞ ദിവസം ഇവരെ കണ്ടെത്തിയത്.

ഇവരുടെ ഭര്‍ത്താവായിരുന്ന പത്മനാഭന്‍ ഇതിനകം വേറെ വിവാഹം കഴിച്ച് താമസം മാറിയിരുന്നു. പ്രായപൂര്‍ത്തിയായ മകനും വിവാഹിതനായി. എവിടെയാണെന്നുപോലും അറിയാതിരുന്ന അമ്മയെ ദീര്‍ഘകാലത്തിനൊടുവില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആശ്വാസമാണ് കോടതിയില്‍ ഇവരെ കാണാനെത്തിയ മകനും മകള്‍ക്കും ഉണ്ടായിരുന്നത്. ഓരോ നിമിഷവും ഭയന്നുകഴിഞ്ഞിരുന്ന ഒളിവുകാലത്തിനൊടുവില്‍ പൊലിസിന്റെയും കോടതിയുടെയും അനുമതിയോടുകൂടിത്തന്നെ കുടുംബവുമായി ഒത്തുചേരാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആയിഷാബിയും മറച്ചുവച്ചില്ല.

കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെങ്കിലും ഇരുകക്ഷികളും ഒന്നായതോടെ നടപടികള്‍ അവസാനിപ്പിക്കാന്‍ കോടതി അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക