Image

കേരള സര്‍വകലാശാല നിയമന തട്ടിപ്പ്; മുന്‍ വിസിയെ പ്രോസിക്യൂട്ട് ചെയ്യും

Published on 24 October, 2026
 കേരള സര്‍വകലാശാല നിയമന തട്ടിപ്പ്; മുന്‍ വിസിയെ പ്രോസിക്യൂട്ട് ചെയ്യും

 

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസില്‍ മുന്‍ വൈസ് ചാന്‍സലറെയും സിന്‍ഡിക്കറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം. കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം തയാറായി. പ്രോസിക്യൂഷന് അനുമതി തേടി ക്രൈംബ്രാഞ്ച് എഡിജിപി സര്‍ക്കാരിന് അപേക്ഷ നല്‍കും.

അസിസ്റ്റന്റ് നിയമന പരീക്ഷയില്‍ അട്ടിമറി നടത്തി സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കേസിലെ പ്രധാന തൊണ്ടിമുതലായ ഉത്തരക്കടലാസ് നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുന്‍ വൈസ് ചാന്‍സലര്‍ രാമചന്ദ്രന്‍ നായര്‍, പ്രോവൈസ് ചാന്‍സലര്‍ ജയപ്രകാശ്, രജിസ്ട്രാര്‍ കെ.എ. ഹാഷിം, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസല്‍, കെ.എ. ആന്‍ഡ്രൂ എന്നിവരാണ് കേസിലെ പ്രതികള്‍.

സിന്‍ഡിക്കറ്റ് അംഗമായിരുന്ന ബി.എസ്. രാജീവ് മരിച്ചിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസ് എഴുതിത്തള്ളിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കേസ് വീണ്ടും നടപടികളിലേക്ക് കടക്കുന്നതോടെ പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം നിര്‍ണായകമാകും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക