Image

ഓഫിസിന് കല്ലെറിഞ്ഞ സംഭവം: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനെതിരേ കേസ്

Published on 24 October, 2026
 ഓഫിസിന് കല്ലെറിഞ്ഞ സംഭവം: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനെതിരേ കേസ്

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫിസിനു കല്ലെറിഞ്ഞ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരേ കേസ്. കെ.വി. ധനേഷിനെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. കല്ലേറില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിരുന്നു.

അസോസിയേഷന്‍ സെക്രട്ടറി കെ.വി. അശോക്കുമാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലിസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു ധനേഷിനെതിരേ കേസെടുത്തത്. സിഡിഎഫ്എ ഓഫിസിനു തൊട്ടു മുന്നിലുള്ള മില്‍മ ബൂത്തിനു സമീപത്തുനിന്ന് കല്ലെറിയുന്ന ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു.

കഴിഞ്ഞ മേയില്‍ നടന്ന ജില്ല സൂപ്പര്‍ ഡിവിഷന്‍ ലീഗ് മത്സരത്തിനിടെ അസോസിയേഷനെയും സെക്രട്ടറിയെയും അസഭ്യം പറഞ്ഞതിന്റെ പേരില്‍ കണ്ണൂര്‍ യുണൈറ്റഡ് ക്ലബിന്റെ ഭാരവാഹികൂടിയായ ധനേഷിനെ ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ വിരോധമാകാം ആക്രമണത്തിനു കാരണമെന്നു പറയുന്നു. കൂടാതെ യുണൈറ്റഡ് ക്ലബിന്റെ ഒരു കളിക്കാരന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് കാരണം ജില്ലാ ടീമില്‍ ഇടം കിട്ടിയിരുന്നില്ല. ഇന്റര്‍‌സ്റ്റേറ്റ് ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തത് സംബന്ധിച്ച് കളിക്കാരന്‍ ക്ലബ് അധികൃതരെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നില്‍ സിഡിഎഫ്എ അധികൃതരാണെന്ന സംശയവും പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമായി പറയുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക