
വാഷിങ്ടൺ: അരിസോണയിലെ നിർണായക കോൺഗ്രസ് ഡിസ്ട്രിക്ടിൽ ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാർഥി അമിഷ് ഷായും ഡോണൾഡ് ട്രംപിന്റെ ദീർഘകാല സുഹൃത്തും മുൻ എൻഎഫ്എൽ താരവുമായ ജെയ് ഫീലിയും തമ്മിൽ കടുത്ത പോരാട്ടം. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഫീലിയുടെ വിജയസാധ്യത വർധിപ്പിക്കാൻ ട്രംപും റിപ്പബ്ലിക്കൻ അനുബന്ധ സംഘടനകളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
ട്രംപിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തോടൊപ്പം ഗോൾഫ് കളിക്കാറുള്ളയാളുമാണ് മുൻ അരിസോണ കാർഡിനൽസ് കിക്കറായ ഫീലിയെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. പതിറ്റാണ്ടുകളായി ഇരുവരും തമ്മിൽ വ്യക്തിബന്ധമുണ്ടെന്നും ഫീലിയെ ശക്തനായ സ്ഥാനാർഥിയായാണ് ട്രംപ് കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫീലിക്ക് പിന്തുണയുമായി റിപ്പബ്ലിക്കൻ സംഘടനകൾ 22 മില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ട്. ഇതിൽ വലിയൊരു ഭാഗവും തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചകളിലാണ് വിനിയോഗിച്ചത്.
അടിയന്തര ചികിത്സാ വിഭാഗത്തിലെ ഡോക്ടറും അരിസോണ മുൻ നിയമസഭാംഗവുമായ ഷാ 2024ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡേവിഡ് ഷ്വൈക്കർട്ടിനോട് 3.8 ശതമാനം പോയിന്റിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. സ്കോട്ട്സ്ഡെയിൽ, വടക്കുകിഴക്കൻ ഫീനിക്സിന്റെ ചില ഭാഗങ്ങൾ, ഫൗണ്ടൻ ഹിൽസ്, കേവ് ക്രീക്ക് എന്നിവ ഉൾപ്പെടുന്നതാണ് മണ്ഡലം.
ഗിൽബർട്ടിൽ ദീർഘകാലമായി താമസിക്കുന്ന ഫീലി ആദ്യം അഞ്ചാം കോൺഗ്രസ് മണ്ഡലത്തിൽ മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ട്രംപിന്റെ നിർദേശത്തെത്തുടർന്ന് ഒന്നാം മണ്ഡലത്തിലേക്ക് മാറുകയായിരുന്നുവെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
മണ്ഡലത്തിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടുകൾ ഇരുവരും തമ്മിലുള്ള പ്രധാന തർക്കവിഷയമായി മാറിയിട്ടുണ്ട്. വോട്ടർമാരുമായി സംസാരിക്കുമ്പോൾ ഒന്നാം മണ്ഡലത്തിൽ ഡാറ്റാ സെന്ററുകൾ വേണ്ടെന്ന അഭിപ്രായമാണ് വ്യക്തമായി ഉയരുന്നതെന്ന് ഷാ പറഞ്ഞു.
എന്നാൽ ഡാറ്റാ സെന്ററുകൾ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് ഫീലിയുടെ വാദം. ഇവ അരിസോണയ്ക്ക് ഏകദേശം ഒരു ബില്യൺ ഡോളറിന്റെ വരുമാനം നൽകുന്നുവെന്നും അതുവഴി അധ്യാപകരുടെ ശമ്പളം വർധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാംഗമായിരുന്ന കാലത്ത് ഡാറ്റാ സെന്ററുകൾ കൊണ്ടുവരുന്നതിനുള്ള നികുതി ഇളവുകളെ ഷാ പിന്തുണച്ചിരുന്നുവെന്നും ഇപ്പോൾ എതിർപ്പ് പ്രകടിപ്പിക്കുന്നത് കാപട്യമാണെന്നും ഫീലി ആരോപിച്ചു. എന്നാൽ അന്ന് കൃത്രിമബുദ്ധിയുടെ ഇന്നത്തെ വളർച്ചയും ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ആവശ്യകതയിലെ വർധനയും പരിഗണനയിലുണ്ടായിരുന്നില്ലെന്ന് ഷാ മറുപടി നൽകി. ഇത്തരം കേന്ദ്രങ്ങൾ വൈദ്യുതി ഉപഭോക്താക്കൾക്കുണ്ടാക്കുന്ന അധിക ചെലവും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 38 ശതമാനം റിപ്പബ്ലിക്കൻമാരും 35 ശതമാനം സ്വതന്ത്രരോ മറ്റ് പാർട്ടികളിൽപ്പെട്ടവരോ ആണ്. 26 ശതമാനത്തിലധികം ഡെമോക്രാറ്റുകളുമുണ്ട്. റിപ്പബ്ലിക്കൻമാർക്ക് രജിസ്ട്രേഷൻ കണക്കുകളിൽ മുൻതൂക്കമുണ്ടെങ്കിലും കുക്ക് പൊളിറ്റിക്കൽ റിപ്പോർട്ട് മത്സരത്തെ ഡെമോക്രാറ്റുകൾക്ക് നേരിയ മുൻതൂക്കമുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻസൈഡ് ഇലക്ഷൻസ് ഇതിനെ ഡെമോക്രാറ്റുകൾക്ക് നേരിയ സാധ്യതയുള്ള മത്സരമായാണ് വിലയിരുത്തുന്നത്.
സ്വതന്ത്ര വോട്ടർമാർ വലിയ തോതിൽ വോട്ട് ചെയ്യാനെത്തിയാൽ ഷായ്ക്ക് നേട്ടമുണ്ടാകുമെന്നും അവരുടെ പങ്കാളിത്തം കുറയുകയാണെങ്കിൽ ഫീലിക്ക് അനുകൂലമാകുമെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകൻ മാർക്കസ് ഡെൽ ആർട്ടിനോ അഭിപ്രായപ്പെട്ടു.
ഇരുപക്ഷത്തെയും പിന്തുണയ്ക്കുന്ന സംഘടനകൾ വലിയ തുകകളാണ് പരസ്യപ്രചാരണത്തിനായി ചെലവഴിക്കുന്നത്. മാഗാ ഇൻക്. ധനസഹായം നൽകുന്ന സേഫ്റ്റി ആൻഡ് അഫോർഡബിലിറ്റി പിഎസി ഷായ്ക്കെതിരെ 5.72 മില്യൺ ഡോളർ ചെലവഴിച്ചപ്പോൾ ഹൗസ് മെജോറിറ്റി പിഎസി ഫീലിക്കെതിരെ 4.41 മില്യൺ ഡോളർ വിനിയോഗിച്ചതായി ഫെഡറൽ രേഖകൾ വ്യക്തമാക്കുന്നു.
അരിസോണയിൽ മുൻകൂർ ബാലറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23 ആയിരുന്നു. നവംബർ മൂന്നിനാണ് പൊതുതിരഞ്ഞെടുപ്പ്.