
വാഷിങ്ടൺ: ഇന്ത്യയിലെ ഏറ്റവും തിരയപ്പെടുന്ന കുറ്റവാളികളിൽ ഒരാളായ ഹരിയാനയിലെ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവും കൂട്ടാളിയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐസിഇ) കസ്റ്റഡിയിലാണെന്ന് റിപ്പോർട്ട്. നെവാഡയിലെ ഹെൻഡേഴ്സൺ ഡിറ്റൻഷൻ സെന്ററിലാണ് ഇരുവരെയും പാർപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിവരങ്ങൾ.
ഹിമാൻഷു സിഗ്രോഹ, നീരജ് കൗശിക് എന്നീ പേരുകളിലുള്ള ഇന്ത്യൻ വംശജരായ രണ്ടുപേരുടെ വിവരങ്ങളാണ് യുഎസ് സർക്കാരിന്റെ ഓൺലൈൻ തടവുകാരുടെ പട്ടികയിലുള്ളത്. ഇവർ യഥാക്രമം ഹിമാൻഷു ഭാവുവും കൂട്ടാളി നീരജ് ഫരീദ്പുരിയയുമാണെന്ന് അധികൃതർ സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇരുവരുടെയും കേസുകൾ ലാസ് വെഗാസിലെ ഐസിഇയുടെ എൻഫോഴ്സ്മെന്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസ് വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്.
ഒക്ടോബർ 22 വ്യാഴാഴ്ച ലാസ് വെഗാസിൽനിന്നാണ് ഭാവുവിനെ പിടികൂടിയതെന്നാണ് വിവരം. ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ഇയാളുടെ യഥാർഥ പേര് ഹിമാൻഷു റിട്ടോളിയ എന്നാണ്. 2023 ഓഗസ്റ്റ് മുതൽ ഇന്റർപോളിന്റെ റെഡ് നോട്ടീസ് നിലവിലുള്ള ഇയാൾക്കെതിരെ ഇന്ത്യയിൽ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ ഭീഷണി, പണം തട്ടൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട 18 കേസുകളുണ്ടെന്നാണ് റിപ്പോർട്ട്.
നീരജ് ഫരീദ്പുരിയയെ നേരത്തേ ഈ വർഷം കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. കണങ്കാലിൽ ഘടിപ്പിച്ചിരുന്ന ഇലക്ട്രോണിക് നിരീക്ഷണ ഉപകരണം നീക്കം ചെയ്തതിനു പിന്നാലെയാണ് ഇയാളെ വീണ്ടും പിടികൂടിയതെന്നാണ് വിവരം.
വടക്കേ ഇന്ത്യയിലെ നിരവധി പ്രമുഖ കുറ്റകൃത്യങ്ങളുമായി ഭാവുവിന്റെ സംഘത്തിന് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. 2025 ഓഗസ്റ്റിൽ യൂട്യൂബർ എൽവിഷ് യാദവിന്റെ ഗുരുഗ്രാമിലെ വീടിനു പുറത്ത് നടന്ന വെടിവയ്പിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്തിരുന്നു.
ഇരുവർക്കുമെതിരെ യുഎസിൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതായി നിലവിൽ വിവരങ്ങളില്ല. അറസ്റ്റുകളെക്കുറിച്ച് ഐസിഇയോ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോ (എഫ്ബിഐ) പരസ്യപ്രസ്താവന നടത്തിയിട്ടുമില്ല. അതിനാൽ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്ന നടപടികൾ എങ്ങനെ മുന്നോട്ടുപോകുമെന്നത് വ്യക്തമല്ല.
ഇന്ത്യയും യുഎസും തമ്മിലുള്ള 1997ലെ കുറ്റവാളി കൈമാറ്റ കരാർ പ്രകാരമുള്ള ദീർഘമായ നിയമനടപടികൾക്കു പകരം, ഇമിഗ്രേഷൻ നടപടികളിലൂടെ പ്രതികളെ തിരിച്ചയക്കാനുള്ള സാധ്യതയാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ പരിഗണിക്കുന്നത്. 2024ൽ യുഎസിൽ കസ്റ്റഡിയിലായ അന്മോൾ ബിഷ്ണോയിയെ 2025 നവംബർ 19ന് ഇന്ത്യയിലേക്ക് നാടുകടത്തിയതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാൽ ഭാവുവിനെയും കൂട്ടാളിയെയും തിരിച്ചയക്കുന്നത് അവരുടെ ഇമിഗ്രേഷൻ കേസുകളുടെ നടപടിക്രമങ്ങളെ ആശ്രയിച്ചിരിക്കും. യുഎസിൽ അഭയം തേടുന്നതിനോ മറ്റ് നിയമപരമായ ഇളവുകൾ ആവശ്യപ്പെടുന്നതിനോ ഇരുവരും അപേക്ഷ നൽകുന്നുണ്ടോ എന്നതും നിർണായകമാകും.