
വാഷിങ്ടൺ: റഷ്യയും യുക്രെയ്നും തമ്മിൽ തെക്കൻ യുക്രെയ്നിലെ ഒലെഷ്കിയിൽ താൽക്കാലിക വെടിനിർത്തൽ ധാരണയുണ്ടാക്കാൻ മെലാനിയ ട്രംപ് മധ്യസ്ഥത വഹിച്ചതായി വൈറ്റ് ഹൗസ്. ഒക്ടോബർ 29 മുതൽ പ്രാബല്യത്തിൽ വരുന്ന ധാരണയുടെ ഭാഗമായി യുദ്ധത്തിൽ കുടുങ്ങിയ സാധാരണക്കാർക്ക് മാനുഷിക സഹായം എത്തിക്കാനും അവരെ സുരക്ഷിതമായി ഒഴിപ്പിക്കാനും വഴിയൊരുക്കും.
റഷ്യൻ, യുക്രെയ്ൻ നേതൃത്വങ്ങളുമായി മെലാനിയ ട്രംപും അവരുടെ പ്രതിനിധിയും നടത്തിയ നേരിട്ടുള്ള ചർച്ചകളിലൂടെയാണ് ധാരണയിലെത്തിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മാനുഷിക സഹായ വിതരണത്തിനും സാധാരണക്കാരുടെ ഒഴിപ്പിക്കലിനുമായി സുരക്ഷിത പാത ഒരുക്കുന്നതും കരാറിന്റെ ഭാഗമാണ്.
യുദ്ധമുഖത്തുള്ള ഒലെഷ്കിയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മെലാനിയ ട്രംപ് പറഞ്ഞു. നഗരത്തിൽ അവശേഷിക്കുന്നവരിൽ ഭൂരിഭാഗവും പ്രായമായവരാണ്. അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമം, വൈദ്യുതി തടസ്സം, കുഴിബോംബുകൾ നിറഞ്ഞ റോഡുകൾ, തുടർച്ചയായ സൈനിക ആക്രമണങ്ങൾ എന്നിവ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
ധാരണപ്രകാരം റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ സംയുക്തമായി വീടുകൾ സന്ദർശിച്ച് താമസക്കാരുടെ ആവശ്യങ്ങൾ വിലയിരുത്തും. ഒഴിഞ്ഞുപോകാൻ ആഗ്രഹിക്കുന്നവർക്ക് അവർ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സഹായവും ഗതാഗത സൗകര്യവും ഒരുക്കും. ചിലർ റഷ്യയിലേക്കും മറ്റുചിലർ യുക്രെയ്നിലേക്കും പോകാൻ ആഗ്രഹിച്ചേക്കാമെന്നും മെലാനിയ പറഞ്ഞു.
മാനുഷിക പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കാൻ സ്വതന്ത്ര അമേരിക്കൻ മാധ്യമസംഘടനയുടെ സാന്നിധ്യവും ധാരണയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ താൽപര്യങ്ങൾ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ റഷ്യൻ, യുക്രെയ്ൻ സംഘങ്ങളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയാണ് ലക്ഷ്യം.
ന്യൂയോർക്ക് നഗരത്തിൽ 81-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘ഫോസ്റ്ററിങ് ദ ഫ്യൂച്ചർ ടുഗെദർ’ പരിപാടിക്കിടെ ഒലെഷ്കിയിലെ ദുരിതാവസ്ഥയെക്കുറിച്ച് അറിഞ്ഞതോടെയാണ് ഇടപെടൽ ആരംഭിച്ചതെന്ന് മെലാനിയ വ്യക്തമാക്കി. നേരത്തേ 34 കുട്ടികളെ ആറു ഘട്ടങ്ങളിലായി കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനായി റഷ്യയുമായും യുക്രെയ്നുമായും സ്ഥാപിച്ച ആശയവിനിമയ സംവിധാനമാണ് പുതിയ ചർച്ചകൾക്ക് ഉപയോഗിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ധാരണ നടപ്പാക്കുന്നതിനായി ഇരുരാജ്യങ്ങളും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷിതമായ യാത്ര സാധ്യമാക്കാൻ കുഴിബോംബുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.