
വാഷിങ്ടൺ: റിപ്പബ്ലിക്കൻ സ്ഥാനാർഥി പരാജയപ്പെട്ടാൽ അലാസ്കയിലെ സെനറ്റ് തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി അംഗീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഫെഡറൽ കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പിൽ സമാന പേരുള്ള മറ്റൊരു സ്ഥാനാർഥിയുടെ സാന്നിധ്യം വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന വാദമാണ് നീതിന്യായ വകുപ്പ് ഉന്നയിച്ചിരിക്കുന്നത്.
നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ എസ്. സള്ളിവനും ഡെമോക്രാറ്റിക് സ്ഥാനാർഥി മേരി പെൽറ്റോളയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഡാനിയൽ ജെ. സള്ളിവൻ ജൂനിയർ എന്ന മറ്റൊരു സ്ഥാനാർഥിയും ബാലറ്റിലുണ്ട്. സമാനമായ പേരുകൾ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുകയും അതുവഴി തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുകയും ചെയ്യാമെന്നാണ് നീതിന്യായ വകുപ്പിന്റെ വാദം.
സമാന പേരുള്ള സ്ഥാനാർഥിയുടെ സാന്നിധ്യം മൂലം നിലവിലെ സെനറ്റർ പരാജയപ്പെടുകയും, ആ സ്ഥാനാർഥിക്കു ലഭിച്ച വോട്ടുകൾ സെനറ്റർ സള്ളിവന് ലഭിച്ചിരുന്നെങ്കിൽ അദ്ദേഹം വിജയിക്കുമായിരുന്നുവെന്ന് തെളിയുകയും ചെയ്താൽ ഫലം അംഗീകരിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. വോട്ടുകൾ ആരെയാണ് ഉദ്ദേശിച്ച് രേഖപ്പെടുത്തിയതെന്ന് അന്വേഷിക്കണമെന്നും കോടതി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ ബാലറ്റിലെ പേരുകളുമായി ബന്ധപ്പെട്ട പ്രശ്നം അലാസ്കയിലെ തിരഞ്ഞെടുപ്പ് അധികൃതർ നേരത്തേ പരിഗണിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപദേശിക്കുന്ന സെന്റർ ഫോർ ഇലക്ഷൻ ഇന്നൊവേഷൻ ആൻഡ് റിസർച്ചിലെ ഡേവിഡ് ബെക്കർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് വെറും 11 ദിവസം ശേഷിക്കെ ഇത്തരമൊരു നീക്കവുമായി ഫെഡറൽ സർക്കാർ രംഗത്തെത്തുന്നത് രാഷ്ട്രീയ ഇടപെടലിന്റെ പ്രതീതിയുണ്ടാക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് ഫലം എപ്പോൾ, എങ്ങനെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് നിർദേശിക്കാൻ ഫെഡറൽ സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ഹർജി തള്ളുമെന്നാണ് പ്രതീക്ഷയെന്നും ബെക്കർ വ്യക്തമാക്കി.
സെനറ്റിന്റെ നിയന്ത്രണം നിർണയിക്കുന്നതിൽ അലാസ്ക ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ കടുത്ത മത്സരങ്ങൾ നിർണായകമാകുമെന്നിരിക്കെയാണ് നിയമനീക്കം. കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ പൗരന്മാരല്ലാത്തവരെന്ന് സംശയിക്കുന്ന 20,000 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് ഭരണകൂടം സംസ്ഥാനത്തിനെതിരെ കേസ് നൽകിയതിന് പിന്നാലെയാണ് പുതിയ നടപടി.
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നത് തടയണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ, വോട്ടർമാർക്ക് തങ്ങളുടെ വോട്ട് രഹസ്യമായി രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സമാന പേരുള്ള സ്ഥാനാർഥിക്ക് ലഭിച്ച വോട്ടുകൾ ആരെ ഉദ്ദേശിച്ചുള്ളതാണെന്ന് എങ്ങനെ കണ്ടെത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്.