
അമേരിക്കൻ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വീണ്ടും നിരാശ. 2026 നവംബറിലെ വിസ ബുള്ളറ്റിനിലും തൊഴിൽ അധിഷ്ഠിത ഇബി-2 വിഭാഗത്തിലെ ഇന്ത്യക്കാരുടെ അന്തിമ പരിഗണനാ തീയതി 2013 നവംബർ 1ൽ തുടരുന്നു. തുടർച്ചയായ രണ്ടാം മാസമാണ് ഈ വിഭാഗത്തിൽ മാറ്റമില്ലാത്തത്. അതേസമയം, മറ്റു രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ തീയതി മൂന്ന് മാസം മുന്നോട്ടുനീക്കി.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ നവംബർ വിസ ബുള്ളറ്റിൻ പ്രകാരം, ചൈനയിൽ ജനിച്ച അപേക്ഷകരുടെ ഇബി-2 തീയതി 2021 ഒക്ടോബർ 1ൽ തുടരുമ്പോൾ, മറ്റു മിക്ക രാജ്യങ്ങളുടെയും തീയതി 2025 ജനുവരി 1ൽനിന്ന് ഏപ്രിൽ 1ലേക്ക് നീങ്ങി.
ഇന്ത്യക്കാർക്കുള്ള ഇബി-3 വിഭാഗത്തിന്റെ അന്തിമ പരിഗണനാ തീയതി മൂന്നാഴ്ച മുന്നോട്ടുനീങ്ങി 2014 ജനുവരി 22 ആയി. ‘മറ്റ് തൊഴിലാളികൾ’ വിഭാഗത്തിനും ഇതേ തീയതിയാണ്. മറ്റു മിക്ക രാജ്യങ്ങളുടെയും ഇബി-3 തീയതി 2024 ജൂൺ 15ലെത്തി. ഇബി-1 വിഭാഗത്തിൽ ഇന്ത്യയുടെ തീയതി 2023 ഫെബ്രുവരി 1ലും നിക്ഷേപകർക്കുള്ള ഇബി-5 വിഭാഗത്തിൽ മാറ്റമില്ലാതെ 2023 ഡിസംബർ 1ലും തുടരുന്നു.
അതിനിടെ, എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട തൊഴിലുടമകൾ വ്യാപകമായി ഉപയോഗിക്കുന്ന പണം നൽകി വേഗത്തിൽ അപേക്ഷകൾ പരിഗണിക്കുന്ന പ്രീമിയം പ്രോസസിങ് സംവിധാനത്തിന്റെ സമയപരിധി മാറ്റാനുള്ള നിർദേശം വൈറ്റ് ഹൗസിന്റെ ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഓഫീസിന്റെ (OIRA) അവലോകനത്തിലാണ്. ഒക്ടോബർ 13നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) നിർദേശം സമർപ്പിച്ചത്. എന്നാൽ, നിർദേശത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചിട്ടില്ല. സമയപരിധി കൂട്ടാനാണോ കുറയ്ക്കാനാണോ നീക്കമെന്ന കാര്യത്തിലും വ്യക്തതയില്ല.
എച്ച്-1ബി വിസാ വിഭാഗത്തിൽ പരിഷ്കാരം കൊണ്ടുവരാനുള്ള മറ്റൊരു നിർദേശവും ഓഗസ്റ്റ് 24 മുതൽ വൈറ്റ് ഹൗസ് അവലോകനത്തിലുണ്ട്.
ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് അമേരിക്കയ്ക്കുള്ളിൽ താമസിച്ചുകൊണ്ട് ഗ്രീൻ കാർഡിനായി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. നവംബർ മാസത്തിൽ തൊഴിൽ അധിഷ്ഠിത വിഭാഗങ്ങളിലെ സ്റ്റാറ്റസ് മാറ്റ അപേക്ഷകൾക്കായി USCIS ‘ഡേറ്റ്സ് ഫോർ ഫയലിങ്’ പട്ടിക ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച്, ഇബി-2 വിഭാഗത്തിൽ 2015 ജനുവരി 15ന് മുമ്പുള്ള മുൻഗണനാ തീയതിയുള്ള ഇന്ത്യൻ അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കാം. എന്നാൽ, ഗ്രീൻ കാർഡ് അന്തിമമായി അനുവദിക്കാൻ മുൻഗണനാ തീയതി 2013 നവംബർ 1ന് മുമ്പായിരിക്കണം.
കുടുംബാധിഷ്ഠിത ഗ്രീൻ കാർഡ് വിഭാഗങ്ങളിൽ ഇന്ത്യക്കാർക്ക് ചില മുന്നേറ്റങ്ങളുണ്ട്. എഫ്-1 വിഭാഗത്തിന്റെ തീയതി 2021 ജനുവരി 22ലേക്കും എഫ്-2ബി വിഭാഗത്തിന്റേത് 2020 ഓഗസ്റ്റ് 22ലേക്കും എഫ്-3 വിഭാഗത്തിന്റേത് 2015 ഒക്ടോബർ 22ലേക്കും നീങ്ങി. എന്നാൽ, അമേരിക്കൻ പൗരന്മാരുടെ സഹോദരങ്ങൾക്കുള്ള എഫ്-4 വിഭാഗത്തിൽ ഇന്ത്യയുടെ തീയതി 2006 ഡിസംബർ 15ൽ തുടരുന്നു. മറ്റു മിക്ക രാജ്യങ്ങളുടെയും തീയതി 2012 ഒക്ടോബർ 22 ആണ്.
തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകളിലെ രാജ്യാടിസ്ഥാനത്തിലുള്ള പരിധി ഒഴിവാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. ന്യൂജേഴ്സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി ജോഷ് ഗോട്ട്ഹൈമർ ഇന്ത്യൻ അപേക്ഷകർക്ക് ഗ്രീൻ കാർഡ് ലഭിക്കാൻ 179 വർഷം വരെ കാത്തിരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. രാജ്യാടിസ്ഥാനത്തിലുള്ള പരിധികൾ ഒഴിവാക്കണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യക്കാർക്കുള്ള ഇബി-2 വിഭാഗം 2026 സാമ്പത്തിക വർഷത്തിന്റെ അവസാന മാസങ്ങളിൽ ലഭ്യമല്ലാത്ത നിലയിലായിരുന്നു. പുതിയ ബുള്ളറ്റിനിലും അന്തിമ പരിഗണനാ തീയതിയിൽ മാറ്റമില്ലാത്തത് ദീർഘകാലമായി കാത്തിരിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകളുടെ ആശങ്ക വർധിപ്പിക്കുന്നു.