
കൊച്ചി: മാസപ്പടി കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ അപ്പീല്‍ പരിഗണിച്ച ജസ്റ്റീസ് കെ. നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും കേസ് വീണ്ടും പരിഗണിക്കുക.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ തുടര്‍നടപടികള്‍ തിങ്കളാഴ്ചത്തെ പരിഗണനയ്ക്ക് ശേഷമാകും വ്യക്തമാകുക. അതേസമയം സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായിക്ക് വീണ്ടും സമന്‍സ് നല്‍കാന്‍ ഇഡി നീക്കം ആരംഭിച്ചു. പുതിയ തീയതി നിശ്ചയിച്ചു കൊണ്ടുള്ള സമന്‍സ് ഉടന്‍ നല്‍കും.
പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷമാണ് തീരുമാനം. സുപ്രീംകോടതി ഉത്തരവ് അന്വേഷണത്തിന് തിരിച്ചടി അല്ലാത്തതിനാല്‍ വീണ്ടും സമന്‍സ് അയക്കുന്നതില്‍ തടസങ്ങള്‍ ഇല്ലെന്നാണ് ഇഡിക്ക് ലഭിച്ച നിയമോപദേശം. നിലവിലുള്ള സമന്‍സില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വീണ്ടും സമന്‍സ് അയക്കാന്‍ ഇഡി തീരുമാനിച്ചത്