Image

സിനഗോഗ് തീവെപ്പ് കേസ്: എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി; അന്വേഷണത്തിന് എന്‍ഐഎയും

Published on 23 October, 2026
 സിനഗോഗ് തീവെപ്പ് കേസ്: എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി; അന്വേഷണത്തിന് എന്‍ഐഎയും

കൊച്ചി: കൊച്ചി സിനഗോഗ് തീവയ്പ്പ് കേസില്‍ അറസ്റ്റിലായ കോലഞ്ചേരി സ്വദേശി എബിന്‍ പോളിനെതിരെ (32) യുഎപിഎ ചുമത്തി. അന്വേഷണ സംഘം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 12-ന് പുലര്‍ച്ചെയായിരുന്നു സിനഗോഗിന് മുന്നിലുള്ള നേഴ്‌സറി ഭാഗത്ത് എബിന്‍ പോള്‍ തീവെച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വിദേശത്തുനിന്നുള്ള ഭീകരബന്ധമുള്ള ഗ്രൂപ്പുകളിലും ടെലിഗ്രാം ചാറ്റുകളിലും ഇയാള്‍ അംഗമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

യുഎപിഎ 16, 18 വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഗൂഢാലോചന, ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാനും സ്പര്‍ധ വളര്‍ത്താനും ലക്ഷ്യമിട്ട് നടത്തുന്ന കുറ്റകൃത്യം തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്നത്.

യുഎപിഎ ചുമത്തിയതോടെ കേസ് എന്‍.ഐ.എ. ഏറ്റെടുക്കും. തുടക്കത്തില്‍ തന്നെ എന്‍ഐഎയും മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണ സംഘവുമായി സഹകരിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വരുംദിവസങ്ങളില്‍ എന്‍ഐഎ കേസ് ഔദ്യോഗികമായി ഏറ്റെടുത്തേക്കുമെന്നാണ് വിവരം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക