Image

വേണ്ടത് കോഴിയും കാപ്പിയും സ്ത്രീകളുടെ തുണിയും കൊട്ടടയ്ക്കയും.. കൊഴുവണയുടെ ഉറക്കം കെടുത്തി ഒരു കള്ളന്‍

Published on 23 October, 2026
 വേണ്ടത് കോഴിയും കാപ്പിയും സ്ത്രീകളുടെ തുണിയും കൊട്ടടയ്ക്കയും.. കൊഴുവണയുടെ ഉറക്കം കെടുത്തി ഒരു കള്ളന്‍

സുല്‍ത്താന്‍ബത്തേരി: വിലപിടിപ്പേറിയ വസ്തുക്കളൊന്നും ഈ കള്ളനുവേണ്ട. കോഴിയോ കൊട്ടടയ്ക്കയോ പണി ആയുധങ്ങളോ തുണിത്തരങ്ങളോ ഒക്കെയാണ് മോഷ്ടിക്കുന്നത്.   വ്യത്യസ്തനായ കള്ളനെന്ന് തോന്നാമെങ്കിലും ചീരാലിനടുത്ത കൊഴുവണയുടെ ഉറക്കം കെടുത്തുകയാണ് മാസങ്ങളായി ഈ കള്ളന്‍. അഞ്ചുമാസത്തോളമായി പ്രയാസത്തിലായിരിക്കുകയാണ് നാട്ടുകാര്‍. പരാതികള്‍ പോലീസിന് നല്‍കിയെങ്കിലും കള്ളന്‍ പിടിയിലായില്ല.

പോലീസും പ്രദേശത്ത് പലതവണ അന്വേഷണം നടത്തുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടും രക്ഷയില്ല. വീടുകളില്‍ വളര്‍ത്തുന്ന കോഴികള്‍, വാക്കത്തി പോലുള്ള പണി ആയുധങ്ങള്‍,  കാപ്പി, മഞ്ഞള്‍, കൊട്ടടയ്ക്ക, സ്ത്രീകളുപയോഗിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പല വീടുകളില്‍ നിന്നായി കളവുപോയിരിക്കുന്നത്. ആള്‍ ത്താമസമില്ലാത്ത വീടുകളില്‍ കയറി 
ഭക്ഷണം പാകംചെയ്ത സംഭവവുമുണ്ടായിട്ടുണ്ട്. രണ്ടുമാസം മുന്‍പ് ഒരു തോട്ടത്തില്‍ വെച്ച് കാപ്പിക്കുരു പകര്‍ത്തുന്നത് മറ്റൊരാള്‍ കാണുകയും വിളിച്ചപ്പോള്‍ അത് ഉപേക്ഷിച്ചുപോവുകയുമായിരുന്നു.

 ആളില്ലാത്ത വീട്ടില്‍ പുലര്‍ച്ചെ മൂന്നോടെ ആളെക്കണ്ട് നാട്ടുകാര്‍ വളഞ്ഞപ്പോഴേക്കും കടന്നുകളയുകയായിരുന്നു. അന്ന് അവിടെ നിന്ന് മഞ്ഞള്‍, കൊട്ടടയ്ക്ക, വാക്കത്തി, തുണികള്‍, പാത്രങ്ങള്‍ തുടങ്ങിയവ മോഷണം പോയതായും നാട്ടുകാര്‍ പറയുന്നു. പിന്നീടൊരിക്കല്‍ ഒരു വീട്ടിലെ ആള്‍ ആശുപത്രിയിലായ സമയത്ത് നാലുകിലോയോളം തൂക്കമുള്ള കോഴിയെയും മോഷ്ടിച്ചു. പലയിടങ്ങളില്‍ മോഷ്ടാവെന്ന് സംശയിക്കുന്നയാളെ നാട്ടുകാര്‍ കണ്ടിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക