
ചെന്നൈ: ഫിനാന്‍സ് ഇന്‍ഫ്‌ലുവന്‍സര്‍ വി. ഹരീഷ് (27) ജീവനൊടുക്കിയ സംഭവത്തില്‍ യുട്യൂബര്‍ ജേസണ്‍ സാമുവല്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ വഴി നടത്തിയ സൈബര്‍ ആക്രമണവും ഭീഷണിയുമാണ് ഹരീഷിന്റെ മരണത്തിനു കാരണമെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി.
പുതുച്ചേരി സ്വദേശിയായ ഹരീഷ്, 'ഫിനാന്‍സ് വിത്ത് ഹരീഷ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടിയത്. പത്ത് ലക്ഷത്തിലധികം പേര്‍ പിന്തുടര്‍ന്നിരുന്ന ഈ പേജ്, ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള പരാതികളെ തുടര്‍ന്നു കഴിഞ്ഞ മാസം നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹരീഷും ജേസണ്‍ സാമുവലും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്.
ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നു ജേസണ്‍ സാമുവല്‍ അപകീര്‍ത്തികരമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ഓണ്‍ലൈന്‍ മുഖേന ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹരീഷിന്റെ പിതാവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. വാടകവീട്ടില്‍ ഹരീഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, സൈബര്‍ ബുള്ളിയിംഗും മാനസികസമ്മര്‍ദവുമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.