Image

രാമസ്വാമിയുടെ പരസ്യത്തെ ഗവർണറും എതിർക്കുമ്പോൾ ട്രംപ് പിന്തുണയ്ക്കുന്നു (പിപിഎം)

Published on 23 October, 2026
രാമസ്വാമിയുടെ പരസ്യത്തെ ഗവർണറും എതിർക്കുമ്പോൾ ട്രംപ് പിന്തുണയ്ക്കുന്നു (പിപിഎം)

ഒഹായോവിൽ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർഥി വിവേക് രാമസ്വാമി ഡെമോക്രാറ്റിക് എതിരാളി ആമി ആക്ടനെതിരെ അവരുടെ 'അമ്മ പറഞ്ഞ വിമർശനം ഉൾപ്പെടുത്തി ഇറക്കിയ പരസ്യത്തെ ഗവർണർ മൈക്ക് ഡിവൈൻ ഉൾപ്പെടെ നിരവധി റിപ്പബ്ലിക്കൻ നേതാക്കൾ എതിർത്തു. എന്നാൽ എതിർക്കുന്നവർക്കു പാർട്ടിയോടു കൂറില്ലെന്നു ആക്ഷേപിച്ചു പ്രസിഡന്റ് ട്രംപ് ആ പരസ്യത്തെ പിന്താങ്ങി.  

ആക്ടനു 12 വയസ് മാത്രമുള്ളപ്പോൾ രണ്ടാനച്ഛൻ അവരെ ബലാത്സംഗം ചെയ്തതായി കേസുണ്ടായിരുന്നു. എന്നാൽ 'അമ്മ അയാൾക്കൊപ്പം ഉറച്ചു നിന്നു എന്നതു കൊണ്ടു ആക്ടനും സഹോദരനും അവരിൽ നിന്നു വേർപെട്ടു. ആ അമ്മയാണ് ഇപ്പോൾ രാമസ്വാമിയുടെ പരസ്യത്തിൽ ആക്ടനെ നുണച്ചിയെന്നു വിളിച്ചു ആക്ഷേപിക്കുന്നത്.

തന്റെ പിൻഗാമിയാവാൻ പിന്തുണ നൽകിയ രാമസ്വാമിയെ ഗവർണർ ഡിവൈൻ വിമർശിച്ചു. കൗണ്ടി പ്രോസിക്യൂട്ടർ ആയിരിക്കെ ബലാത്സംഗ ഇരകളുടെ വേദന താൻ മനസിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഡിവൈന് പാർട്ടിയോടു കൂറില്ലെന്നാണ് സർവേകളിൽ  31% മാത്രം ജനപിന്തുണ കാണുന്ന ട്രംപ് പറഞ്ഞത്. "ആമി ആക്ടന്റെ 'അമ്മ അവരെ കുറിച്ചു ഭീകരമായ കാര്യങ്ങളാണ് പറഞ്ഞത്. അവർ പറയുന്നതിൽ ന്യായമുണ്ട്."

രാമസ്വാമി തന്റെ അഭിപ്രായം ചോദിച്ചിരുന്നുവെന്നു ട്രംപ് പറഞ്ഞു. താൻ അനുകൂലിച്ചു. അത്ര ശക്തമായ പരസ്യത്തിനു വക കിട്ടിയതിനു ദൈവത്തെ വാഴ്ത്തുക എന്നാണു താൻ പറഞ്ഞത്.

ട്രംപിനോടൊപ്പം റാലിയിൽ പങ്കെടുത്ത സെനറ്റ് സ്ഥാനാർഥി റെപ്. ആഷ്‌ലി ഹിൻസൺ പക്ഷെ ആ പരസ്യത്തെ 'ഭീകരം' എന്നാണ് വിളിച്ചത്. "അതു പിൻവലിക്കണം എന്നാണ് എനിക്കു പറയാനുള്ളത്."

"ചിലർ ആശ്രയിക്കുന്ന ചവർ രാഷ്ട്രീയം" എന്നാണ് മിഷിഗണിൽ മുൻ റിപ്പബ്ലിക്കൻ റെപ്. ഫ്രെഡ് അപ്ടൺ പരസ്യത്തെ കുറിച്ചു പ്രതികരിച്ചത്. താൻ ആ പരസ്യത്തെ പിന്തുണയ്ക്കുന്നില്ലെന്നു റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി ജോൺ ഹസ്റ്റഡ് പറഞ്ഞു.  

രാമസ്വാമി പക്ഷെ പരസ്യം കൂടുതൽ വ്യാപകമാക്കാൻ $4 മില്യൺ കൂടി ചെലവിടും എന്നാണ് പറഞ്ഞത്.

Ohio governor opposes Ramaswamy ad, but Trump supports  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക