
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നും ഞായറാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ശക്തമായ മഴ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വരുംദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
വെള്ളിയാഴ്ച തെക്കൻ കേരളത്തിലും വടക്കൻ ജില്ലകളിലുമുൾപ്പെടെ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ അതീവ ജാഗ്രത നിർദേശമുള്ളത്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച പതിനൊന്ന് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട് ഇല്ലാത്ത ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 25 വരെയും കർണാടക തീരത്ത് ഒക്ടോബർ 23 മുതൽ 25 വരെയും മത്സ്യബന്ധനത്തിന് പൂർണ വിലക്കേർപ്പെടുത്തി. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദേശം നൽകി. തീരപ്രദേശങ്ങളിലുള്ളവരും വിനോദസഞ്ചാരികളും കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.