Image

രാഹുലിന്റെ ‘വോട്ട് ചോരി’ ആരോപണം വെറും ഷോ; കോൺഗ്രസ് 30 വർഷത്തേക്ക് അധികാരത്തിൽ വരില്ലെന്ന് അമിത് ഷാ

Published on 22 October, 2026
രാഹുലിന്റെ ‘വോട്ട് ചോരി’ ആരോപണം വെറും ഷോ; കോൺഗ്രസ് 30 വർഷത്തേക്ക് അധികാരത്തിൽ വരില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങൾ വെറും രാഷ്ട്രീയ നാടകം മാത്രമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് അദ്ദേഹം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അമിത് ഷാ തുറന്നടിച്ചു. പ്രതിപക്ഷം പിന്തുടരുന്ന നിഷേധാത്മക രാഷ്ട്രീയം കാരണം അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തില്ലെന്നും ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

​കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിക്കുകയും പരാജയപ്പെടുമ്പോൾ കുറ്റം ആരോപിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കോൺഗ്രസിന്റേതെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ പതിറ്റാണ്ടുകളായി പല സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടർച്ചയായി പരാജയപ്പെട്ട ചരിത്രമാണുള്ളത്. ഇപ്പോഴത്തെ പ്രതിഷേധങ്ങൾകൊണ്ട് കേന്ദ്ര സർക്കാരിനെ തളർത്താനാകില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലും ബിജെപി അധികാരത്തിൽ വരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

​ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ കടന്നാക്രമണം നടത്തി. പഞ്ചാബിൽ ഭരണം നടത്തുന്ന എഎപിയെ ജനങ്ങൾ വേരോടെ പിഴുതെറിയുമെന്നും അമിത് ഷാ പറഞ്ഞു. വെറും സമരങ്ങളും പ്രതിഷേധങ്ങളും കൊണ്ടുമാത്രം രാഷ്ട്രീയം കളിച്ച എഎപി, ഡൽഹിയിലെ വൻ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യാൻ പോലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക