Image

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഗോപികയുടെ കുടുംബം; വയനാട് ദേവികയുടെ വീട്ടിലെത്തി മൊഴിയെടുത്ത് പൊലീസ്

Published on 22 October, 2026
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഗോപികയുടെ കുടുംബം; വയനാട് ദേവികയുടെ വീട്ടിലെത്തി മൊഴിയെടുത്ത് പൊലീസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം രംഗത്ത്. അഡ്വ. ജോൺ എസ്. റാൽഫിനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്തുനൽകി. അതേസമയം, അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് കേസിലെ പ്രതിഭാഗം എറണാകുളം സെഷൻസ് കോടതിയിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചു. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതിനായി പൊലീസ് ഉടൻ വീണ്ടും കസ്റ്റഡി അപേക്ഷ നൽകും.

​കേസന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം വയനാട് മടക്കിമലയിലെത്തി മരിച്ച ദേവിക സന്തോഷിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞത്. കേസ് അട്ടിമറിക്കപ്പെടുമോ എന്നതടക്കമുള്ള ആശങ്കകൾ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചതായും നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും കുടുംബം വ്യക്തമാക്കി. അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിനി ഗോപിക, കർണാടക സ്വദേശി ഇയാസ് എന്നിവരുടെ ബന്ധുക്കളുടെ മൊഴിയും അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം രേഖപ്പെടുത്തും.

​ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശ്ശേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ദേവിക, ഗോപിക, ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെടുകയായിരുന്നു. അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ട് മറിയുന്നതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മുൻപ് പുറത്തുവന്നിരുന്നു. കേസിൽ വാഹനം ഓടിച്ചിരുന്ന പത്തൊമ്പതുകാരൻ സുഹൈൽ സജീവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക