Image

കൊച്ചി സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: അന്വേഷണം പൂനെയിലേക്ക്; പ്രതിക്കെതിരെ കൂടുതൽ കേസുകൾ

Published on 22 October, 2026
കൊച്ചി സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: അന്വേഷണം പൂനെയിലേക്ക്; പ്രതിക്കെതിരെ കൂടുതൽ കേസുകൾ

കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ ദുരൂഹതകൾ നീക്കാൻ പ്രത്യേക അന്വേഷണസംഘം പൂനെയിലെത്തി. പിടിയിലായ പ്രതി എബിൻ പോളിന്റെ പശ്ചാത്തലവും വ്യക്തിബന്ധങ്ങളും വിശദമായി പരിശോധിക്കുന്നതിന്റെ ഭാഗമായി ഇയാൾ മുൻപ് പഠിച്ചിരുന്ന പൂനെയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നടക്കം പൊലീസ് വിവരങ്ങൾ ശേഖരിക്കും. ഇതിനിടെ, മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും ഒഴിഞ്ഞുകിടന്ന വീടിനും തീവെച്ച സംഭവങ്ങളിൽ എബിൻ പോളിനെതിരെ പൊലീസ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

​സംഭവത്തിന് പിന്നിലെ ആസൂത്രകരെ കണ്ടെത്താൻ പ്രതിയുടെ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധനാഫലം നിർണായകമാണ്. കൃത്യം നടത്താൻ തനിക്ക് നിർദേശം നൽകിയത് 'വിക്രം' എന്നയാളാണെന്ന് എബിൻ മൊഴി നൽകിയിരുന്നെങ്കിലും, ഇയാളാണോ പിന്നിൽ പ്രവർത്തിച്ച 'ബോസ്' എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഫോൺ രേഖകൾ വിശദമായി പരിശോധിക്കുന്നതിലൂടെ അജ്ഞാതനായ വ്യക്തിയെക്കുറിച്ചും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.

​കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഫോണിന്റെ ഫൊറൻസിക് പരിശോധനാഫലം ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുകയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സിനഗോഗിന് മുന്നിലെ അതിക്രമത്തിന് പുറമെ മറ്റ് തീവെപ്പ് കേസുകളിലും ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുകയാണ് പൊലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക