Image

‘ഓസ്ട്രേലിയക്ക് ജയിക്കാൻ കോച്ച് ഇന്ത്യൻ ടീമിൽ നടപ്പാക്കിയത് ഭിന്നിപ്പിച്ചു ഭരിക്കൽ നയം’; ഗ്രെഗ് ചാപ്പലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

Published on 22 October, 2026
‘ഓസ്ട്രേലിയക്ക് ജയിക്കാൻ കോച്ച് ഇന്ത്യൻ ടീമിൽ നടപ്പാക്കിയത് ഭിന്നിപ്പിച്ചു ഭരിക്കൽ നയം’; ഗ്രെഗ് ചാപ്പലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗ്രെഗ് ചാപ്പലിനെ നിയോഗിച്ചത് ടീം മാനേജ്‌മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. കളിക്കാരെ തമ്മിലടിപ്പിച്ച് ‘ഭിന്നിപ്പിച്ചു ഭരിക്കൽ’ നയം നടപ്പാക്കി ഡ്രസിങ് റൂമിലെ ഐക്യം പൂർണമായി തകർത്തത് ചാപ്പലാണെന്ന് പ്രഖർ ഗുപ്ത പോഡ്‌കാസ്റ്റിൽ ഹർഭജൻ തുറന്നടിച്ചു. സൗരവ് ഗാംഗുലിയോട് ചാപ്പൽ പെരുമാറിയ രീതിയും ടീമിനുള്ളിൽ നടത്തിയ ഇടപെടലുകളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

​2003 ലോകകപ്പിൽ മികച്ച സൗഹൃദത്തിലും ഒത്തൊരുമയിലും ഫൈനൽ വരെയെത്തിയ കളിക്കാർ തമ്മിൽ പരസ്പരം മിണ്ടാത്ത അവസ്ഥയിലേക്ക് ഡ്രസിങ് റൂം അന്തരീക്ഷം മാറിയത് ചാപ്പലിന്റെ ഭരണകാലത്താണെന്ന് താരം ചൂണ്ടിക്കാട്ടി. അത്രയേറെ ഒത്തിണക്കമുള്ള മികച്ചൊരു ടീമിനെയാണ് അദ്ദേഹം തല്ലിത്തകർത്തത്. അക്കാലത്ത് അന്നത്തെ ക്രിക്കറ്റ് ലോകത്തെ ആധിപത്യശക്തിയായ ഓസ്ട്രേലിയക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ശേഷിയുണ്ടായിരുന്ന ഏക ടീം ഇന്ത്യയായിരുന്നു. ഇന്ത്യ ഒത്തൊരുമയോടെ മുന്നേറിയാൽ സ്വന്തം രാജ്യത്തിന് ഭീഷണിയാകുമെന്ന് ഭയന്ന് ടീമിനെ തകർക്കാൻ ചാപ്പൽ ബോധപൂർവം ഭിന്നത വിതച്ചതാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

​2005 ജൂണിലാണ് ഓസ്ട്രേലിയൻ ഇതിഹാസ താരം ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേൽക്കുന്നത്. എന്നാൽ അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുമായുള്ള തർക്കങ്ങളും ഡ്രസിങ് റൂമിലെ അസ്വാരസ്യങ്ങളും മൂലം അദ്ദേഹത്തിന്റെ കാലഘട്ടം തുടർച്ചയായ വിവാദങ്ങളിൽ മുങ്ങി. ഒടുവിൽ 2007 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനോട് തോറ്റ് ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ നാണംകെട്ട് പുറത്തായതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ കലുഷിതമായ ചാപ്പൽ യുഗത്തിന് അന്ത്യമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക