Image

മാസപ്പടി കേസ്: സുപ്രീംകോടതി സ്റ്റേ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ; ഇ.ഡി നീക്കങ്ങൾ തടയാൻ അപ്പീൽ

Published on 22 October, 2026
മാസപ്പടി കേസ്: സുപ്രീംകോടതി സ്റ്റേ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ; ഇ.ഡി നീക്കങ്ങൾ തടയാൻ അപ്പീൽ

കൊച്ചി: സി.എം.ആർ.എൽ മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ അപ്പീൽ പുതിയ നമ്പറിട്ട് ശനിയാഴ്ച തന്നെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലെത്തിക്കാനുള്ള അതിവേഗ നീക്കങ്ങളിലാണ് പിണറായി വിജയനും സംഘവും. അപ്പീൽ സമർപ്പിക്കാനുള്ള നിയമപരമായ അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി പരാമർശങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്ന വിലയിരുത്തലിൽ, മുതിർന്ന അഭിഭാഷകരെ അണിനിരത്തി കോടതിയിൽ ശക്തമായ വാദങ്ങൾ ഉന്നയിക്കാനാണ് തീരുമാനം.

​അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്ന ഘട്ടത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം അടക്കമുള്ള എല്ലാ തുടർനടപടികളും നിർത്തിവെക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും. അപ്പീലിൽ അന്തിമ തീരുമാനം വരുന്നതിന് മുൻപ് ഇ.ഡിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ തടയാൻ ഹൈക്കോടതിയിൽ പ്രത്യേക റിട്ട് ഹർജി സമർപ്പിക്കാനും ആലോചനയുണ്ട്. നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്നാണ് തീരുമാനം. അന്വേഷണ സംഘം വീണ്ടും സമൻസ് അയക്കുകയോ തുടർനടപടികളിലേക്ക് കടക്കുകയോ ചെയ്താൽ പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ്, വീണ എന്നിവരടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കും.

​അതേസമയം, കേസിലെ അന്വേഷണം തുടരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന കർശന നിലപാടിലാണ് ഇ.ഡി. പി.എം.എൽ.എ സെക്ഷൻ 66(2) പ്രകാരമുള്ള വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ലെന്നും ഇ.സി.ഐ.ആറിന്റെ നിയമസാധുത കോടതി ചോദ്യം ചെയ്തിട്ടില്ലെന്നും തെളിവുകൾ അതേപടി നിലനിൽക്കുമെന്നും ഇ.ഡി വിലയിരുത്തുന്നു. സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ കൊച്ചി ഓഫീസിൽ കേസിന്റെ പുരോഗതി അവലോകനം ചെയ്തു. ഡിവിഷൻ ബെഞ്ചിലെത്തുന്ന അപ്പീലിനെ കോടതിയിൽ ശക്തമായി എതിർക്കാനാണ് ഇ.ഡിയുടെ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക