Image

സോഷ്യൽ മീഡിയയിലേക്ക് ചുവടുവെച്ച് സോണിയ ഗാന്ധി; ഇൻസ്റ്റഗ്രാമിൽ തുടക്കം ആത്മകഥയുടെ വിശേഷങ്ങളോടെ

Published on 22 October, 2026
സോഷ്യൽ മീഡിയയിലേക്ക് ചുവടുവെച്ച് സോണിയ ഗാന്ധി; ഇൻസ്റ്റഗ്രാമിൽ തുടക്കം ആത്മകഥയുടെ വിശേഷങ്ങളോടെ

ന്യൂഡൽഹി: വർഷങ്ങൾ നീണ്ട സോഷ്യൽ മീഡിയ വിട്ടുനിൽക്കൽ അവസാനിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി. വരാനിരിക്കുന്ന തന്റെ ആത്മകഥയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സോണിയയുടെ ഈ പുതിയ തുടക്കം. "ഇത് സ്നേഹത്തിന്റെയും കടമയുടെയും നഷ്ടങ്ങളുടെയും അതിനൊപ്പം തന്റേതായ ഇടം കണ്ടെത്തിയതിന്റെയും കഥയാണ്" എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് ആദ്യ പോസ്റ്റ് പങ്കുവെച്ചത്. മുൻപ് കോൺഗ്രസിന്റെ ഔദ്യോഗിക 'എക്സ്' (ട്വിറ്റർ) ഹാൻഡിലിലൂടെ മാത്രമായിരുന്നു സോണിയ സ്വന്തം പ്രസ്താവനകളും അഭിപ്രായങ്ങളും അറിയിച്ചിരുന്നത്.

​ആത്മകഥയുടെ റീലാണ് പേജിലെ ആദ്യ ഉള്ളടക്കം. ഓർമപ്പുസ്തകം സോണിയയ്ക്ക് കൈമാറുന്നതും അവർ അതിന്റെ താളുകൾ മറിച്ചുനോക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന് പേരിട്ടിരിക്കുന്ന ഓർമക്കുറിപ്പുകൾ അടുത്തമാസം പത്തിന് വായനക്കാരിലേക്ക് എത്തും. അക്കൗണ്ട് ആരംഭിച്ചയുടൻ തന്നെ മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയും കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക പേജിനെയും സോണിയ ഫോളോ ചെയ്തു. ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് അക്കൗണ്ട് ഫോളോ ചെയ്തത്. പുസ്തകത്തെക്കുറിച്ചുള്ള ആകാംക്ഷ പങ്കുവെച്ച് പ്രമുഖ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

​പ്രസിദ്ധീകരണത്തിന് മുന്നോടിയായിത്തന്നെ രാഷ്ട്രീയകേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച പുസ്തകമാണിത്. ആദ്യ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറിയതിനെത്തുടർന്ന് ഹാർപ്പർ കോളിൻസാണ് പുസ്തകത്തിന്റെ പ്രസാധനം ഏറ്റെടുത്തത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ പല രാഷ്ട്രീയ വഴിത്തിരിവുകളെയും സംഭവങ്ങളെയും കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഓർമക്കുറിപ്പിൽ ഉണ്ടാകുമെന്നാണ് സോണിയയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക